തിരുവനന്തപുരം: കേരള വിരുദ്ധവും മുസ്ലീം വിരുദ്ധവുമെന്നും ആർ.എസ്.എസ് അജൻഡയെന്നും എൽ.ഡി.എഫും, യു.ഡി.എഫും ആരോപിക്കുന്ന വിവാദ സിനിമ 'കേരള സ്റ്റോറി' ഇടവകകളിൽ പ്രദർശിപ്പിക്കുന്നതിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷം. ബി.ജെ.പിയുടെ കെണിയിൽ വീണാണ് കെ.സി.ബി.സിയിലെ ഒരു വിഭാഗം പ്രദർശനത്തിന് മുൻകൈ എടുക്കുന്നതെന്ന ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടേറിയ വിഷയമായി.
കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ആഹ്വാന പ്രകാരമാണ് ഇടുക്കി രൂപതയിൽ ചിത്രം പ്രദർശിപ്പിച്ചത്. പിന്നാലെ, താമരശേരി രൂപതയും പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രം മുസ്ലീം വിരുദ്ധം മാത്രമാണെന്ന് കരുതരുതെന്നും ആർ.എസ്.എസ് കെണിയിൽ വീഴരുതെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി ഉദ്ദേശിച്ചത് ക്രൈസ്തവ സഭകളെയാണ്.
ഇടവകകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തത്തെത്തി.അത്തരം കെണിയിൽ വീഴരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും, ചിത്രം മതസ്പർദ്ധ ഉളവാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുന്നറിയിപ്പ് നൽകിയതോടെ വിവാദം കനത്തു. അതിനിടെ തലശേരി രൂപത പിന്മാറി.
കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇടവകകളിലെ ചിത്ര പ്രദർശനമെന്ന് പറയുന്ന ബി.ജെ.പി, ഇക്കാര്യം പ്രചാരണ വിഷയമായതിന്റെ ആഹ്ളാദത്തിലാണ്. കുട്ടികൾ പ്രണയ ബന്ധത്തിൽപ്പെട്ട് വഴി തെറ്റിപ്പോകാതിരിക്കാനുള്ള ബോധവത്കരണമാണെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ജാഗ്രതാ കമ്മിഷന്റെ ന്യായീകരണം. സിറോ മലബാർ സഭയും ഇതിനെ അനുകൂലിച്ചു.
എന്നാൽ, നുണകളെ ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിച്ചത് ചിലരുടെ രാഷ്ട്രീയ അജൻഡയിൽ വീണതിനാലാണെന്ന യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം ഇക്കാര്യത്തിലുള്ള ഭിന്നത പ്രകടമാക്കി.വെറുപ്പും വിദ്വേഷവുമല്ല, സ്നേഹത്തിന്റെ സുവിശേഷമാണ് യേശുദേവന്റെ അനുയായികൾ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അമിത എതിർപ്പ് വിനയായി
കേരളത്തിനകത്തും പുറത്തും മാസങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ച 'കേരള സ്റ്റോറി' കാര്യമായ പ്രതികരണം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞയാഴ്ച ദൂർദർശനിൽ കാണിച്ചത് തിരഞ്ഞെടുപ്പ് കാലത്തെ ബി.ജെ.പി അജൻഡയാണെന്നായി സി.പി.എമ്മും കോൺഗ്രസും.പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അവർ പരാതി നൽകിയതോടെ, ചിത്രം കാണാൻ കൂടുതൽപേർ കൗതുകം കാട്ടിയത് അനാവശ്യ പബ്ലിസിറ്റി നേടിക്കൊടുത്തു.
ഇടുക്കിയ്ക്ക് പിന്നാലെ 'കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും
കോഴിക്കോട്/കണ്ണൂർ: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും. രൂപതയ്ക്ക് കീഴിലെ കെ.സി.വൈ.എം യൂണിറ്റുകളിൽ ശനിയാഴ്ച പ്രദർശിപ്പിക്കും. ഇടവകകളിലെ കുടുംബ കൂട്ടായ്മകളിൽ കഴിഞ്ഞ ദിവസം സിനിമയുടെ ലിങ്ക് അയച്ചുനൽകിയിരുന്നു. അതിന് പുറമെയാണ് പ്രദർശിപ്പിക്കാനുള്ള തീരുമാനവും.
സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിയാണ് പ്രദർശനം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദൂരദർശൻ വഴി പ്രദർശിപ്പിച്ച സിനിമയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് താമരശേരി രൂപത കെ.സി.വൈ.എം ഡയറക്ടർ ജോർജ്ജ് വെള്ളക്കാകുടിയിൽ പറഞ്ഞു. നിരോധിത സിനിമയല്ല. പ്രദർശനം മുസ്ലിങ്ങൾക്ക് എതിരല്ല. മുസ്ലിം സമുദായത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമല്ല. തീവ്രമായ ചിന്തയോടെ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും ഉണ്ടെന്ന തിരിച്ചറിവ് സഭയ്ക്കുണ്ട്. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് സിനിമ. അത് പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. അജണ്ട വച്ചുള്ള പ്രണയങ്ങൾക്ക് എതിരെ ബോധവത്കരണം അനിവാര്യമാണെന്നും വ്യക്തമാക്കി.
അതേസമയം, 'കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് തലശ്ശേരി അതിരൂപത അധികൃതർ പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുമെന്നത് അതിരൂപതയുടെ ഔദ്യോഗിക പ്രസ്താവനയല്ല. അതിരൂപതയ്ക്കു കീഴിലെ കെ.സി.വൈ.എം പ്രവർത്തകർ ആവേശം കാട്ടിയതിനെ തുടർന്ന് അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. പ്രദർശിപ്പിക്കുമെന്ന് കെ.സി.വൈ.എമ്മിന്റേതായി വന്ന നിർദ്ദേശം രൂപതയുടേതല്ല. പ്രണയച്ചതി ഉണ്ടെന്നത് ശരിയാണ്. എന്നാൽ, സിനിമയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തോട് യോജിപ്പില്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നാണ് ഔദ്യോഗിക തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |