ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുത്തൻ റിപ്പോർട്ട് പുറത്ത്. ആം ആദ്‌മി പാർട്ടി വൃത്തങ്ങൾ അറിയിച്ച കേജ്‌രിവാളിന്റെ ആരോഗ്യവിവരങ്ങൾ തെറ്റാണെന്നാണ് തിഹാർ ജയിൽ അധികൃതർ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിനിൽ പറയുന്നത്. മാർച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാളിന്റെ ഭാരം 65ൽ നിന്ന് 66 കിലോയായി വർദ്ധിച്ചു. ആന്തരികാവയവങ്ങളുടെ സ്ഥിതി തൃപ്‌തികരമാണെന്നും രക്തസമ്മർദ്ദവും പ്രമേഹനിലയും നിയന്ത്രണ വിധേയമാണെന്നും ബുള്ളറ്റിനിലുണ്ട്. കേജ്‌രിവാളിന് ജയിൽവാസം കാരണം 4.5 കിലോ ഭാരം കുറഞ്ഞതായാണ് ആം ആദ്‌മി പാർട്ടി നേതാക്കൾ അറിയിച്ചിരുന്നത്.
തിഹാർ ജയിൽ മോദി സർക്കാർ ഹിറ്റ്ലറുടെ ഗ്യാസ് ചേമ്പറാക്കാൻ ശ്രമിക്കുകയാണെന്ന് ആപ്പ് നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. കേജ്‌രിവാളിനെ വൈകാരികമായി തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും, ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ശരിവച്ച് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടു നടപടികൾക്കുമെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ തള്ളുകയായിരുന്നു. ഇതോടെ കേജ്‌രിവാൾ ജയിലിൽ തുടരുകയാണ്. കോഴയിടപാടിൽ കേജ്‌രിവാളിന്റെ പങ്കിന്റെ തെളിവുകളാണ് ഇ.ഡി ശേഖരിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാപ്പുസാക്ഷികളുടെയും ഹവാല ഇടപാടുകാരുടെയും മൊഴികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |