കൊച്ചി/തിരുവനന്തപുരം: ഹൈക്കോടതി അനുമതിയായതോടെ കൺസ്യൂമർ ഫെഡിന്റെ 256 വിഷു ചന്തകൾ ഇന്ന് തുറക്കും. 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കും. ഈമാസം 19 വരെ പ്രവർത്തിക്കും. എല്ലാ കാർഡുകാർക്കും വാങ്ങാം.
പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ ഏർപ്പെടുത്തിയ വിലക്ക് ഇന്നലെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞനിരക്കിൽ നൽകി സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനെ തടയരുതെന്ന് നിർദ്ദേശിച്ചായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സർക്കാർ സബ്സിഡിയോടെ റംസാൻ- വിഷുച്ചന്ത തുറക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ തടഞ്ഞത്. ഇതിനെതിരെ കൺസ്യൂമർഫെഡാണ് കോടതിയെ സമീപിച്ചത്.
179 ത്രിവേണി സ്റ്റോറുകളിലും 77 താലൂക്കുകളിലെ ഓരോ പ്രധാന സഹകരണ സംഘങ്ങളിലുമാണ് ആദ്യം ചന്ത തുടങ്ങുന്നത്. സപ്ളൈകോയിലെ സബ്‌സിഡി നിരക്കിലാണ് വിഷുച്ചന്തകളിലും വിൽക്കുക. കൂടാതെ ത്രിവേണി സ്റ്റോറുകളിലുള്ള മറ്റ് സാധനങ്ങളും 10 -30 ശതമാനം വിലക്കുറവിൽ ലഭിക്കും.
സബ്‌സിഡി സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് കൺസ്യൂമർഫെഡ് എം.ഡി എം.സലീം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ ഇ ടെൻഡർ വഴി 17 കോടിയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു.
13 സബ്സിഡി
സാധനങ്ങൾ
ചെറുപയർ
ഉഴുന്ന്
കടല
വെള്ളപ്പയർ
പരിപ്പ്
മുളക്
മല്ലി
പഞ്ചസാര
വെളിച്ചെണ്ണ
ജയ അരി
മട്ട അരി
പച്ചരി
കുറുവ അരി
''കോടതി വിധി ആശ്വാസകരം. മുൻപ് അനുമതി നൽകിയ കമ്മിഷനാണ് ഇത്തവണ നിഷേധിച്ചത്
- വി.എൻ.വാസവൻ,
സഹകരണ മന്ത്രി
രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം പാടില്ല
സബ്സിഡിക്കായി സർക്കാർ നീക്കിവച്ച അഞ്ച് കോടി രൂപ തിരഞ്ഞെടുപ്പ് കഴിയുംവരെ അനുവദിക്കാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിഷുച്ചന്തയെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കരുത്. രാഷ്ടീയ നേട്ടത്തിനായി ദുരുപയോഗം ചെയ്താൽ കമ്മിഷന് ഇടപെടാം. സർക്കാർ സബ്‌സിഡിയോടെ ഈ ഘട്ടത്തിൽ ചന്തകൾ തുടങ്ങുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി അഡ്വ. ദീപുലാൽ മോഹൻ വാദിച്ചു. എന്നാൽ, റംസാൻ-വിഷുച്ചന്തകൾ തുടങ്ങാൻ ഫ്രെബുവരി 16ന് തീരുമാനമെടുത്തിരുന്നെന്നും ഇതിനായി അഞ്ച് കോടി രൂപ നേരത്തേ വകയിരുത്തിയെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഈ തുക തിരഞ്ഞെടുപ്പു കഴിഞ്ഞേ അനുവദിക്കാനാകൂ.
കാശില്ലാതെ ജനം
നെട്ടോട്ടമോടുന്നു
അടിസ്ഥാനപരമായി ജീവിതപ്രശ്‌നങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയാണ് പ്രധാനം. സാധാരണക്കാർ നെട്ടോട്ടമോടുന്ന സമയമാണിത്. കടുത്ത വേനലാണ്. ആരുടെ കൈയിലും പൈസയില്ല. പെൻഷൻപോലും മുഴുവൻ വിതരണം ചെയ്യുന്നില്ല. അതിന് കാരണങ്ങളുണ്ടാവാം. എന്നാൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ സർക്കാരോ രാഷ്ട്രീയ കക്ഷികളോ പ്രചാരണ ആയുധമാക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |