SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.20 PM IST

എരിയും മണലിൽ 100കോടി പെയ്യിച്ച ബ്ലസിംഗ്

k

പ്രതിസന്ധികളെ അതിജീവിച്ച് സ്വപ്ന സാക്ഷാത്കാരത്തിൽ ബ്ളെസി

പുതുചരിത്രം രചിച്ച് യാത്രയിലാണ് ആടുജീവിതം. ഒൻപതു ദിവസം കൊണ്ട് 100 കോടി ക്ളബിൽ. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ മഞ്ഞുമ്മൽ ബോയ്സിന് 12 ദിവസം വേണ്ടി വന്നു ഈ നേട്ടം കൈവരിക്കാൻ. ലൂസിഫറിന് 12 ഉം 2018ന് 11 ദിവസവും കഴിഞ്ഞേ ആടുജീവിതത്തിനൊപ്പം എത്താൻ സാധിച്ചുള്ളൂ. പ്രേമലുവിന് 31 ദിവസവും. പ്രതിബന്ധങ്ങൾ തിളയ്ക്കുന്ന മണലിലൂടെ ആടുജീവിതം എന്ന സിനിമയിലേക്ക് നടത്തിയ പ്രയാണത്തിനൊടുവിൽ ശാന്തമായ മുഖത്തോടെ സംവിധായകൻ ബ്ളെസി. കളിമണ്ണ് കഴിഞ്ഞ് പതിനൊന്ന് വർഷത്തെ ഇടവേള. ബ്ളെസിയുടെ സ്വപ്നസിനിമയായ ആടുജീവിതം പ്രേക്ഷകനുമായി നടത്തുന്ന സംവാദം 100 കോടിയും കടന്ന യാത്രയിലാണ്. '' 2009ലാണ് ആടുജീവിതം വായിക്കുന്നത്.വായിച്ചപ്പോൾത്തന്നെ ദൃശ്യസാദ്ധ്യത ബോദ്ധ്യപ്പെട്ടു.- '' ബ്ളെസി സംസാരിക്കുന്നു.

യാത്രയിലെ വലിയ പ്രതിസന്ധി ?

43 അദ്ധ്യായത്തിൽ സംസാരിക്കുന്ന പുസ്തകത്തിന് തിരക്കഥയുണ്ടാക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്വം. പുസ്തകത്തിൽ ഒരദ്ധ്യായത്തിൽനിന്ന് മറ്റൊരദ്ധ്യായത്തിലേക്ക് യാത്ര ലളിതമാണ്. വായനക്കാരന്റെ മനസാണ് കഥയെ കോർത്തെടുക്കുന്നത്. കാലങ്ങൾ മാറിവന്നാലും അതിനൊരു തുടർച്ച സംഭവിക്കുന്നത് വായക്കാരന്റെ മനസിലാണ്. അവന്റെ മനസിൽത്തന്നെയാണ് അതിന്റെ എഡിറ്റിംഗ് നടക്കുന്നതും. സിനിമയെ സംബന്ധിച്ച് കാഴ്ചക്കാരന് കൃത്യമായ ധാരണയുണ്ടാവണം. അതിനാൽ എഡിറ്റിംഗും സ്ക്രിപ്ടിനൊപ്പം സഞ്ചരിക്കണം.

താരങ്ങളെ കണ്ടെത്തുക കടമ്പയായിരുന്നല്ലേ ?

അതായിരുന്നു രണ്ടാമത്തെ വലിയ ഉത്തരവാദിത്വം. പല ഷെഡ്യൂൾ,​ പല നാടുകൾ. രണ്ടോ മൂന്നോ വർഷം നീളുന്ന യാത്ര. താരമൂല്യമുള്ള ഒരു നടന് ഒരുപാട് പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളാകുക എന്നത് സങ്കീർണം. അതുൾക്കൊള്ളാൻ ഒരുപാട് ക്ഷമയും സമർപ്പണവും ബുദ്ധിപരമായ കാഴ്ചപ്പാടും ആവശ്യമുണ്ട്. ഇതെല്ലാം ഒത്തിണങ്ങിയ ഒരാളെ പൃഥ്വിരാജ് എന്ന നടനിൽ കണ്ടെത്താൻ കഴിഞ്ഞു. ഏറെ ഉത്സാഹത്തോടെയാണ് പൃഥ്വിരാജ് അതേറ്റെടുത്തത്. പൃഥ്വിരാജിനെപ്പോലെ അത്യാവശ്യം സൈസ് ഉള്ള ഒരാളിലുണ്ടാകുന്ന പരിണാമം കാഴ്ചക്കാരന് വേഗത്തിൽ മനസിലാക്കാനാവും. ചിലർ മെലിഞ്ഞാലും കാഴ്ചയിൽ അത്ര പ്രകടമാകണമെന്നില്ല. കാസ്റ്റിംഗ് കടമ്പ അതുകൊണ്ടും തീർന്നില്ല. കാട്ടറബി, ഖഫീൽ , ഇബ്രാഹിം ഖാദിരിയെപ്പോലെ ദൈവികപരിവേഷമുള്ളയാൾ എന്നിവരൊക്കെ വേണം. ഖഫീലുമാരെ രണ്ടുപേരെയും മസ്കറ്റിൽനിന്നും അബുദബിയിൽ നിന്നും അവിചാരിതമായാണ് കിട്ടിയത്. അവർ വലിയ പ്രൊഫഷണൽ ആർട്ടിസ്റ്റുകളൊന്നുമല്ല, എന്നാൽ വരെ കൃത്യമായി സിനിമയ്ക്ക് യോജിക്കുന്ന തരത്തിൽ ഉപയോഗിക്കാൻ സാധിച്ചു.

നിർമ്മാതാവിനെ കണ്ടെത്തുന്നതും ക്ളേശകരമായിരുന്നോ?

അതായിരുന്നു പ്രധാന കടമ്പ. സിനിമ നിർമ്മിക്കാൻ തയ്യാറായശേഷം പലരും ഒഴിഞ്ഞുമാറി. സംഘട്ടനം പോലുമില്ലാത്ത സിനിമയ്ക്ക് വലിയ മുതൽ മുടക്ക് എന്ന ഭയമാകാം നിർമ്മാതാക്കളെ പിന്തിരിപ്പിച്ചത്. ഒരു പ്രൊഡക്ഷൻ ഹൗസിന് കീഴിലെത്തി കഴിഞ്ഞ് മുംബയിൽ ഞാനും ക്യാമറാമാനും ആർട്ട് ഡയറക്‌ടറും സ്ക്രിപ്ട് വായിച്ചുകൊണ്ടിരിക്കെ നിർമ്മാതാവ് വിളിച്ച് പിൻമാ റുകയാണെന്ന് അറിയിച്ചു. ആ സമയത്ത് എനിക്കൊന്നും തോന്നിയില്ല. പിറ്റേദിവസം മുതൽ എന്റെ ശബ്ദം മരവിച്ചുപോയി. പത്തുദിവസത്തെ വോയ്‌സ് റെസ്റ്റിന് ശേഷമാണ് തിരിച്ചുകിട്ടിയത്.

ലൊക്കേഷൻ തേടി ഒരുപാട് അലഞ്ഞോ ?

പല പ്രാവശ്യം യാത്രകൾ. അബുദാബി, സൗദി, ഒമാൻ, ഖത്തർ, ദുബയ്, സലാല, ഷാർജ എന്നിവിടങ്ങളൊക്കെ ലൊക്കേഷൻ തേടി പോയി. അനുകൂല മറുപടി ലഭിച്ചില്ല. ലൊക്കേഷനുകൾ ലഭിക്കാതായപ്പോഴാണ് രാജസ്ഥാനിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. താർ മരുഭൂമി നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ മരുഭൂമിയാണ്. പക്ഷേ അവിടുത്തെ ആടുകളും മിഡിൽ ഈസ്റ്റിലെ ആടുകളും തമ്മിൽ വലിയ അന്തരമുണ്ട്. ആടുകളെ പുറത്തുനിന്നെത്തിക്കാൻ തീരുമാനിച്ചെങ്കിലും പ്രായോഗികമല്ലെന്ന് ബോദ്ധ്യപ്പെട്ടു. 2019 ലാണ് ജോർദ്ദാനിലെത്തുന്നത്. പൃഥ്വിരാജ് 35 കിലോ കുറച്ച് 2020 മാർച്ചിൽ ഷൂട്ടിംഗ് നടക്കുമ്പോഴാണ് കൊവിഡ് വ്യാപനം. ഫ്ളൈറ്റുകൾ ക്യാൻസലായി മൂന്നുമാസം ഞങ്ങളവിടെ അകപ്പെട്ടു. കൊവിഡ് ഭയങ്കരമായി ഭയപ്പെടുത്തി. വൈറസ് ആദ്യം ബാധിക്കാനിടയുള്ളത് അമിതമായി ശരീരഭാരം കുറച്ചയാളിനെ ആകുമല്ലോ. ഷൂട്ടിംഗ് മുടങ്ങി വീണ്ടും തുടങ്ങേണ്ടി വന്നാൽ അദ്ദേഹത്തെ പഴയ സ്ഥിതിയിലാക്കുന്നതും വെല്ലുവിളിയാണ്.

2022 ൽ വീണ്ടും ഷൂട്ടിംഗിന് പുറപ്പെട്ടു. അൾജീരിയയുടെ തലസ്ഥാനമായ അൽജേഴ്സിൽ നിന്ന് സഹാറ മരുഭൂമിയുടെ മദ്ധ്യഭാഗത്ത് ഷൂട്ടിംഗ് ആരംഭിക്കുകയും വീണ്ടും ജോർദ്ദാനിലെത്തി പൂർത്തിയാക്കുകയുമായിരുന്നു.

എപ്പോഴാണ് പ്രതിസന്ധികൾ അവസാനിച്ചത് ?

മാർച്ച് 28 ന് ആടുജീവിതം തിയേറ്ററിലെത്തിയപ്പോഴാണ് പ്രതിസന്ധി അവസാനിച്ചെന്ന് പറയാനായത്. ലോകമെമ്പാടും പ്രേക്ഷകർ സിനിമയെ സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLESY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.