SignIn
Kerala Kaumudi Online
Tuesday, 23 December 2025 5.08 PM IST

രുചിയും കലയും ചേരുന്ന ഇടം: പുതിയ അനുഭവങ്ങളെ ഇരു കൈനീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ

Increase Font Size Decrease Font Size Print Page
kushi-patel-and-reshmi-bs

ഓരോ സുഖാന്വേഷണങ്ങൾക്ക് പിന്നിലും കരുതലിന്റെയും സൗഹൃദത്തിന്റെയും വലിയൊരു ലോകമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് തലസ്ഥാന നഗരിയിലെ യുവസംരംഭകയായ രശ്മിയും സുഹൃത്ത് ഖുഷി പട്ടേലും. ഈ ചിന്തയിൽ നിന്നാണ് 'കെം ചോ' എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ ഉത്ഭവം. ഗുജറാത്തി വിഭവങ്ങളുടെ 'പോപ്പ്അപ്പ് ഡിന്നർ' എന്നതിലുപരി ഇന്ത്യയുടെ വൈവിധ്യമാർന്ന കലകളെയും പാചകരീതികളെയും ഒരേ കുടക്കീഴിൽ കൊണ്ടുവരാനുള്ള വേദിയാണ് 'കെം ചോ'.


തിരുവനന്തപുരത്തെ നന്ദൻകോട് 'വൈറ്റ് പേപ്പർ ക്രിയേറ്റീവ് ഹാളിൽ' നടന്ന വിരുന്നിന്റെ ഒരുക്കങ്ങൾക്കിടയിലാണ് രശ്മിയും ഖുഷി പട്ടേലും ശ്രദ്ധേയമായത്. ഭക്ഷണത്തിലൂടെയും സംവാദങ്ങളിലൂടെയും സാംസ്‌കാരിക അതിർവരമ്പുകൾ എങ്ങനെയൊക്കെ മായ്ച്ചുകളയാം എന്നതിനെക്കുറിച്ചും 'കെം ചോ' എന്ന ആശയത്തിന് പിന്നിലെ കാഴ്ചപ്പാടുകളെക്കുറിച്ചും ക്യൂറേറ്ററായ രശ്മി കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

'കെം ചോ'

കലയ്ക്കും സംസ്‌കാരത്തിനും കമ്മ്യൂണിറ്റിക്കും വേണ്ടി ഒരു 'തേർഡ് സ്‌പേസ്' (Third Space) ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലോകം വളരെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, സാവധാനം അതിനെ ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന ( Slow down time) ഒരിടം വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾക്ക് രണ്ടുപേർക്കും ഭക്ഷണത്തോട് വലിയ താല്പര്യമാണ്. അങ്ങനെയാണ് ഭക്ഷണത്തിലൂടെ ഈ ആശയത്തിന് തുടക്കമിടാമെന്ന് തീരുമാനിച്ചത്.

പ്രത്യേകിച്ച് ഗുജറാത്തി വിഭവങ്ങൾ തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. ഞങ്ങൾ രണ്ടുപേരും വെജിറ്റേറിയൻസാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പുറത്തുപോയാൽ നല്ല ഓപ്ഷനുകൾ ലഭിക്കാൻ പ്രയാസമാണ്. അങ്ങനെയാണ് ഖുഷി ഗുജറാത്തി ഭക്ഷണത്തിന്റെ സാദ്ധ്യതയെക്കുറിച്ച് പറഞ്ഞത്. ഭക്ഷണത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം കലയ്ക്കും സാംസ്‌കാരിക വിനിമയങ്ങൾക്കും പ്രാധാന്യം നൽകുന്ന കമ്മ്യൂണിറ്റി സ്‌പേസ് ആക്കി 'കെം ചോ'യെ മാറ്റാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

തുടക്കം
കഴിഞ്ഞ ജനുവരിയിൽ വാരണാസിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇങ്ങനെയൊരു ചിന്ത ഉണ്ടാകുന്നത്. ഞങ്ങൾ രണ്ടുപേരുടെയും അഭിരുചികളും ജോലി ചെയ്യുന്ന രീതിയും സമാനമായതുകൊണ്ട് ഒരുമിച്ച് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ആ യാത്രയിൽ മുളപൊട്ടിയ ചിന്ത പിന്നീട് ചർച്ചകളിലൂടെ 'കെം ചോ' ആയി മാറുകയായിരുന്നു.

kushi-and-reshmi

ഖുഷി പട്ടേലിനെക്കുറിച്ച്
ഖുഷി പട്ടേൽ ഒരു മികച്ച ആർട്ടിസ്റ്റാണ്. തൃപ്പൂണിത്തുറ ആർട്സ് സ്‌കൂൾ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്, ബറോഡ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ ഫ്രീലാൻസ് ആർട്ടിസ്റ്റായും ഇന്റീരിയർ ഡിസൈനറായും പ്രവർത്തിക്കുന്നു. വിഭജന കാലത്ത് കറാച്ചിയിൽ നിന്നും ലാഹോറിൽ നിന്നും കുടിയേറിയവരുടെ കണ്ണിയാണ് ഖുഷി. ഇപ്പോൾ വൈറ്റ് പേപ്പർ ക്രിയേറ്റീവിൽ കുട്ടികൾക്കും മുതിർന്നവർക്കും ആർട്ട് ക്ലാസുകൾ നൽകുന്നുണ്ട്.

'കെം ചോ' എന്ന പേരിന് പിന്നിൽ
ഗുജറാത്തി ഭാഷയിൽ 'കെം ചോ' എന്നാൽ 'സുഖമാണോ?' എന്നാണ് അർത്ഥം. മനുഷ്യബന്ധങ്ങൾക്കിടയിലെ ഏറ്റവും ലളിതമായ സുഖാന്വേഷണമാണിത്. ആ ഹൃദയബന്ധം തന്നെയാണ് ഞങ്ങളുടെ കൂട്ടായ്മയും ലക്ഷ്യമിടുന്നത്. ഒരു വൈകാരിക അടുപ്പം ഈ പേരിനുണ്ട്. ആളുകളെ പരസ്പരം അടുപ്പിക്കുക എന്നതാണ് ഇതിലെ കൗതുകം.

വിരുന്നിനപ്പുറം അറിവിന്റെ വിഭവം

ഇതൊരു 'പോപ്പ്അപ്പ് ഡിന്നറായിട്ടാണ് ഒരുക്കിയത്. ഹോട്ടൽ പോലെയോ കാറ്ററിംഗ് പോലെയോ അല്ല ഇതിന്റെ പ്രവർത്തനം. ഞാനും ഖുഷിയുമാണ് ഹോസ്റ്റു ചെയ്യുന്നത്. നിശ്ചിത സമയത്തും സ്ഥലത്തും ഒരു വിരുന്ന് സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിച്ചു പോവുക എന്നതിനപ്പുറം ഓരോ വിഭവത്തെയും പരിചയപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്യുന്നത്. അത് ഏത് ദേശത്തുനിന്നുള്ളതാണ്, അതിന്റെ ചരിത്രപരമായ പ്രാധാന്യം എന്താണ്, അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ തുടങ്ങിയ കാര്യങ്ങൾ അതിഥികൾക്ക് ഞങ്ങൾ വിശദീകരിക്കും.

kem-cho

ഉദാഹരണത്തിന്, ഗുജറാത്തി ഭക്ഷണത്തിൽ മധുരം കൂടാനുള്ള കാരണം, എന്തുകൊണ്ട് സസ്യാഹാരത്തിന് പ്രാധാന്യം വരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ സംവാദങ്ങളിലൂടെ ആളുകൾക്ക് മനസിലാക്കിക്കൊടുക്കാം. ആഹാരം കഴിക്കുമ്പോൾ മൊബൈൽ ഫോൺ മാറ്റിവച്ച് പരസ്പരം സംസാരിക്കാനാണ് അതിഥികളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. വരും കാലങ്ങളിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി, സ്ത്രീകൾ മാത്രമുള്ള കൂട്ടായ്മകൾ എന്നിങ്ങനെ വിവിധ പ്രമേയങ്ങളിൽ വിരുന്നുകൾ ഒരുക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്.

ഇനി പ്രതീക്ഷിക്കുന്ന രുചികൾ

ആദ്യത്തെ വിരുന്നിന്റെ പ്രതികരണം നോക്കിയായിരിക്കും അടുത്തത് തീരുമാനിക്കുക. എങ്കിലും മുംബയ്, ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെ വൈവിധ്യമാർന്ന രുചികൾ അവതരിപ്പിക്കാൻ ആഗ്രഹമുണ്ട്. പ്രത്യേകിച്ച് മലയാളിക്ക് അത്ര പരിചിതമല്ലാത്ത, എരിവും എണ്ണയുമൊക്കെയുള്ള രാജസ്ഥാനി വിഭവങ്ങളും മുംബയിലെ സമ്മിശ്ര രുചികളും പരീക്ഷിക്കണമെന്ന് കരുതിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പ്രതികരണം

വളരെ മികച്ച പ്രതികരണമാണ് തലസ്ഥാനത്തുനിന്നും ലഭിക്കുന്നത്. സാധാരണയായി നോർത്ത് ഇന്ത്യൻ ഭക്ഷണം എന്ന് കേൾക്കുമ്പോൾ നാൻ, പനീർ, ചാട്ട് എന്നിവയാണ് ആളുകളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. എന്നാൽ ബംഗാളി ക്യുസീനിലോ ഗുജറാത്തി ക്യുസീനിലുള്ള (പാചകരീതികൾ) വൈവിധ്യങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ഞങ്ങൾ മെനു സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ഓരോ വിഭവത്തെക്കുറിച്ചും ഗൂഗിൾ ചെയ്ത് പഠിച്ച് ചോദിച്ചുവന്നവർ വരെയുണ്ട്. പുതിയ അനുഭവങ്ങളെ ഇരു കൈനീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ.

ഗുജറാത്തി ഭക്ഷണത്തിന്റെ പ്രത്യേകത

ഗുജറാത്തിൽ ജൈനമത സ്വാധീനം കൂടുതലുള്ളതിനാൽ പല വിഭവങ്ങളിലും ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ല. പകരം കായത്തിന്റെ രുചിയാണ് മുന്നിട്ടുനിൽക്കുന്നത്.

പ്രാദേശികമായ മാറ്റങ്ങൾ

കേരളത്തിലെ പോലെ തന്നെ ഗുജറാത്തിലും ഓരോ പ്രദേശത്തും ഓരോ രുചിയാണ്. തീരദേശമായ സൂറത്തിൽ മത്സ്യവിഭവങ്ങൾ ഉപയോഗിക്കാറുണ്ട്. കച്ചി പോലുള്ള വരണ്ട പ്രദേശങ്ങളിൽ ധാന്യങ്ങൾക്കും പരിപ്പുകൾക്കും പ്രാധാന്യം നൽകുന്ന കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുന്ന എരിവുള്ള വിഭവങ്ങളാണ് കാണുന്നത്. കാത്തിയാവാഡി സ്റ്റൈൽ ഭക്ഷണത്തിന് നല്ല എരിവാണ്.

ലോകം മുഴുവൻ വിരൽത്തുമ്പിലിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ രുചികളെ മറ്റുള്ളവർ സ്വീകരിക്കുന്നത് പോലെ ഇതര സംസ്‌കാരങ്ങളെയും രുചികളെയും ബഹുമാനിക്കാനും ആസ്വദിക്കാനും നമ്മളും തയ്യാറാകണം. ആ വലിയ ലക്ഷ്യത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണ് 'കെം ചോ'.

TAGS: CHEM KO, GUJARATHI CUISINES, RESHMI BS, KHUSHI PATEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.