തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപതുവരെ ക്ളാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉറപ്പാക്കാനായി അദ്ധ്യാപകർ വീടുകളിലെത്തുന്ന പഠനപിന്തുണാ പരിപാടി ഈ വർഷം നടക്കില്ലെന്ന് ഉറപ്പായി. അദ്ധ്യാപകർ മൂല്യനിർണയം, ഇലക്ഷൻ ഡ്യൂട്ടി എന്നിവയുടെ തിരക്കുകളിൽ ആയതിനാലാണിത്. എസ്.എസ്.എൽ.സി മൂല്യനിർണയം ഈമാസം 20 വരെ നീളും. 26 ന് ഇലക്ഷൻ നടക്കാനിരിക്കെ ഇലക്ഷൻ ഡ്യൂട്ടിയുള്ള അദ്ധ്യാപകർ പരിശീലനക്ലാസ്സുകളിലും പങ്കെടുക്കണം.
മാറിയ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് മേയ് ആദ്യവാരം അദ്ധ്യാപകർക്കുള്ള പരിശീലനവും ആരംഭിക്കുകയാണ്. അതിനാൽ പരിശീലനം നേടേണ്ട അദ്ധ്യാപകർക്കും പരിശീലകരായ അദ്ധ്യാപകർക്കും മേയ് മാസം തിരക്കേറിയതാണ്. മേയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നതോടെ അഡ്‌മിഷൻ സംബന്ധമായ ജോലികളും ചെയ്യേണ്ടതായുണ്ട്.
എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ മാർഗരേഖ അനുസരിച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കണം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കഴിവുകളും പോരായ്മകളും ബോദ്ധ്യപ്പെട്ട് പിന്തുണ നൽകി അടുത്ത ക്ളാസിലെത്തിക്കുകയാണ് ലക്ഷ്യം. എട്ടാംക്ളാസ് വരെ മുഴുവൻ കുട്ടികൾക്കും ക്ളാസ് കയറ്രം ലഭിക്കുന്ന സാഹചര്യത്തിൽ പഠനനിലവാരം കുറയുന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് വകുപ്പ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഒന്ന് മുതൽ എട്ടുവരെ ക്ളാസുകളിൽ ഇ, ഒൻപതാം ക്ളാസിൽ ഡി, ഇ ഗ്രേഡുകൾ നേടിയ കുട്ടികൾക്കായാണ് പദ്ധതി. സ്കോറിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് പിന്തുണ നൽകും.
കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്ന അദ്ധ്യാപകർ കണ്ടെത്തിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ ഏപ്രിലിൽ സ്കൂൾതല വിശകലനം നടത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. വാർഷിക പരീക്ഷാമാതൃകയിൽ മേയ് അവസാനം പരീക്ഷയും നടത്തേണ്ടതാണ്. അദ്ധ്യാപകർ വിവിധ ജോലികളിൽ തിരക്കിലായതോടെ പഠനപിന്തുണാ പരിപാടി ഈ വർഷം നടക്കില്ലെന്ന് ഉറപ്പായി.
ക്യു.ഐ.പി യോഗം വിളിച്ചുചേർത്ത് അദ്ധ്യാപകരുമായി ആലോചിക്കാതെയാണ് പഠനപിന്തുണ പരിപാടി ആവിഷ്കരിച്ചതെന്നും ഇത്തരം ഏകപക്ഷീയമായ പരിപാടികൾ ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |