SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.27 PM IST

"മറക്കാനാകാത്ത തെറ്റ് ഞാൻ ചെയ്തു, അത് ചെയ്യാൻ പാടില്ലായിരുന്നു"; 20 വയസേ ഉണ്ടായിരുന്നുള്ളൂവെന്ന് മല്ലിക സുകുമാരൻ

Increase Font Size Decrease Font Size Print Page

മല്ലിക സുകുമാരൻ സിനിമയിലെത്തിയിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഇതിനിടയിൽ നിരവധി മനോഹരമായ കഥാപാത്രങ്ങൾ അവർ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. അമ്പത് വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ചും, തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെ മല്ലിക സുകുമാരൻ കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തുന്നു.

mallika

തനിക്ക് വ്യക്തിപരമായി ശത്രുക്കളില്ലെന്ന് മല്ലിക പറയുന്നു. മക്കളോടുള്ള ശത്രുതയൊക്കെ കൊണ്ട് തന്നെ മുറിവേൽപിക്കാൻ പലരു പലതും പറയാറുണ്ടെന്ന് അവർ വ്യക്തമാക്കി. കേരളത്തിലെ അമ്മമാർക്ക് തന്നെ വല്യ കാര്യമാണെന്ന് മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.


തന്റെ സിനിമാ ജീവിതം തുടങ്ങിയതിനെക്കുറിച്ചൊക്കെ മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറയുന്നുണ്ട്. 'ഒരു സുപ്രഭാതത്തിൽ തിരുവനന്തപുരത്ത് വച്ച് രണ്ട് പടങ്ങൾ ഒരുമിച്ചെടുക്കുന്നു. ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവർ. ഏതോ ഒരു സ്വപ്നത്തിൽ സുകുവേട്ടനും ഷീലയുമാണ് പ്രമുഖ വേഷമെങ്കിലും ഞാനും ഒരു പ്രധാന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ആ രണ്ട് സിനിമകളും ചെയ്തു. അത് എന്റെ ലൈഫിലൊരു ടേണിംഗ് പോയിന്റായിരുന്നു. ഞാൻ തിരുവനന്തപുരത്ത് വന്ന് താമസിച്ചു. തിരുവനന്തപുരത്ത് എന്നെ അന്വേഷിച്ചുവരാൻ ആൾക്കാരുണ്ട്. എന്റെ തുടക്കകാലത്തുണ്ടായ അപക്വമായ മനസുകൊണ്ടായിരിക്കാം... എന്തോ ആകട്ടെ എന്നെ ആരും വിളിക്കുന്നില്ല. അച്ഛനും അമ്മയും ഞാൻ തിരുവനന്തപുരത്ത് തന്നെ ഇല്ലേ എന്ന് പലരെയും വിട്ട് അന്വേഷിക്കുന്നുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് സുകുമാരൻ സാറിന്റെ രംഗപ്രവേശം.

സുകുവേട്ടന്റെ ഡയലോഗ് അറിയാമല്ലോ. നിങ്ങൾ എന്റെ പെങ്ങളുടെ കൂടെ പഠിച്ചതാണുട്ടോ എന്ന് പറഞ്ഞു. എനിക്കറിയാം. സതീദേവി എന്നായിരുന്നു പേര്. സതി കൂടെക്കൂടെ പറയും. ഒരിക്കൽ സതിയുടെ പിറന്നാളിന് ഞങ്ങളെ വീട്ടിൽ കൊണ്ടുപോയി. അന്ന് സുകുവേട്ടൻ അവിടെ ഇല്ല. പക്ഷേ ഞങ്ങൾ ഇറങ്ങാറായപ്പോൾ പുള്ളി അവിടെ വന്നു. സുകുവേട്ടാ ഇവരൊക്കെ എന്റെ ഫ്രണ്ട്സാണെന്ന് പറഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തി. അതാണ് എനിക്കുള്ള ഓർമ.

ഞാൻ വീട്ടിൽ വന്നിട്ടുണ്ടെന്ന് സുകുവേട്ടനോട് പറഞ്ഞു. എപ്പോ എന്നൊക്കെ ചോദിച്ചു. ഇതിനിടയിൽ നിങ്ങൾ ഇതുവരെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയില്ലേ എന്ന് എന്നോട് ചോദിച്ചു. പോകാനുള്ള ഒരു സാഹചര്യത്തിലല്ല ഞാൻ ഇന്ന് ജീവിക്കുന്നത്. മറക്കാനാകാത്ത ഒരു തെറ്റ് ഞാൻ ചെയ്തു. അത് ചെയ്യാൻ പാടില്ലായിരുന്നു. ഒരുപക്ഷേ എന്റെ അറിവില്ലായ്മയോ, വിവരമില്ലായ്മയോ. പത്തിരുപത് വയസേ ഉള്ളൂ.അപ്പോൾ സുകുവേട്ടൻ പറഞ്ഞു. അതു ശരിയല്ല നിങ്ങൾ പോയി കാണണമെന്ന്. അപ്പോൾ എന്റെ അമ്മാവന്റെ മകൾ എന്നെ കാണാൻ വന്നു. അങ്ങനെ സുകുമാരൻ ചേട്ടൻ തന്നെയാണ് ഇത്രാം തീയതി ഞാൻ അച്ഛനെയും അമ്മയേയും കാണാൻ വീട്ടിൽ പോകുമെന്ന് തീരുമാനിച്ചത്.'- മല്ലിക പറഞ്ഞു.

TAGS: MALLIKASUKUMARAN, PRITHVIRAJSUKUMARAN, SUKUMARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY