SignIn
Kerala Kaumudi Online
Tuesday, 30 April 2024 4.17 PM IST

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അതിർവരമ്പില്ല : എം.വി. ഗോവിന്ദൻ

xd

 കോൺഗ്രസിനും പച്ചയായ ഹിന്ദുത്വ അജൻഡ

 രാഹുൽ മത്സരിക്കേണ്ടത് കേരളത്തിലാണോ?​

 ന്യൂനപക്ഷ വോട്ട് ഇക്കുറി വലിയ തോതിൽ ഇടതിന്

 ബി.ജെ.പിക്ക് എതിരെ വോട്ടുകൾ ഏകീകരിക്കപ്പെടും

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നുവരികയാണ്. പ്രചാരണത്തിരക്കിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കേരള കൗമുദിയുമായി സംസാരിക്കുന്നു. പ്രസക്തഭാഗങ്ങൾ:

 സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നേതൃത്വം നല്‍കുന്ന ആദ്യ തിരഞ്ഞെടുപ്പാണല്ലോ?

ഇടതുമുന്നണിക്ക് വളരെ അനുകൂല സാഹചര്യമാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമോ എന്ന ഭയമാണ് 2019-ൽ യു.ഡി.എഫിലേക്ക് വോട്ടൊഴുക്കിയത്. കോൺഗ്രസ് എന്തെങ്കിലുമൊക്ക ചെയ്യുമെന്ന പ്രതീക്ഷയാണ് അന്ന് വോട്ടർമാർ പുലർത്തിയത്. പക്ഷേ,​ ആ പ്രതീക്ഷ തകിടംമറിക്കുന്ന നിലപാടാണ് കോൺഗ്രസിൽ നിന്നുണ്ടായത്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അതിർവരമ്പില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. മൃദുഹിന്ദുത്വമല്ല; പച്ചയായ ഹിന്ദുത്വ അജൻഡ തന്നെയാണ് കോൺഗ്രസും പിന്തുടരുന്നത്. മദ്ധ്യപ്രദേശിൽ കമൽനാഥൊക്കെ പ്രയോഗിക്കുന്നത് മറയില്ലാത്ത വർഗീയതയാണ്.

 ഇത്തവണ അനുകൂല ഘടകങ്ങൾ എന്തൊക്കെ?

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി നിന്ന ഏറ്റവും വലിയ ഘടകം കേരളത്തിലെ ബി.ജെ.പി വിരുദ്ധതയാണ്. ഞങ്ങളുൾപ്പെടെയുള്ളവർ നടത്തിയ പ്രചാരണം അതിനു വഴിയൊരുക്കി. അതിന്റെ ഗുണം കിട്ടിയത് കോൺഗ്രസിനാണെന്നു മാത്രം. കോൺഗ്രസല്ല, ഇടതുപക്ഷമാണ് നിലപാടുള്ളവർ എന്ന തിരിച്ചറിവ് അനുഭവത്തിലൂടെ ജനങ്ങൾക്കു വന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടുകൾ ഇത്തവണ ഇടതുമുന്നണിക്ക് വലിയ തോതിൽ ലഭിക്കും.

ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ഇടതു മുന്നണി ഉയർത്തുന്ന വിശാല കാഴ്ചപ്പാടിന് ലഭിക്കുന്ന സ്വീകാര്യതയാണിത്. വെല്ലുവിളികൾ നേരിടുന്ന ന്യൂനപക്ഷമാണ് ഇടതുപക്ഷ ബദലിനെ കൃത്യമായി കാണുന്നതും മനസ്സിലാക്കുന്നതും. പൗരത്വ ഭേദഗതിയിൽപ്പോലും കൃത്യമായ നിലപാട് അവതരിപ്പിക്കാൻ സാധിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം സി.പി.എം കൃത്യമായി നിരസിച്ചു. കോൺഗ്രസ് നിലപാടെടുക്കാൻ സമയമെടുത്തു. കോൺഗ്രസിന്റെ പല നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്.

 കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക് സി.പി.എം പിന്തുണ നൽകുമ്പോൾ

ജനങ്ങൾ സി.പി.എമ്മിന് വോട്ടു ചെയ്യുമോ?

അതു സംബന്ധിച്ച് കേരളത്തിലെ വോട്ടർമാർക്ക് ഒരു ആശയകുഴപ്പവുമില്ല. ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ- ഇടതുപക്ഷത്തിനു മാത്രമേ നിലപാടുള്ളൂ. സംഘപരിവാറിനെ ചെറുക്കാനുള്ള ശേഷിയോ ഭാവനയോ കോൺഗ്രസിനില്ല. അഖിലേന്ത്യാ തലത്തിൽ ഇപ്പോൾ ബി.ജെ.പിക്കെതിരെ അങ്ങനെയാരു പാർട്ടിയില്ല എന്നുതന്നെ പറയാം. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തീർത്തും ദുർബലമാണ്. തമിഴ്‌നാട്ടിലൊക്കെയുള്ള പോലെ പ്രാദേശിക പാർട്ടികൾക്കു മാത്രമാണ് ശരിക്കും സംഘ പരിവാറിനെ പ്രതിരോധിക്കാനുള്ള ആർജ്ജവമുള്ളത്.

 കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ വരവ് യു.ഡി.എഫിന് ഗുണം ചെയ്തു. ഇത്തവണയും രാഹുൽ വയനാട്ടിലുണ്ടല്ലോ...

രാഹുൽ ഗാന്ധി കേരളത്തിലാണോ മത്സരിക്കേണ്ടത്?​ കേരളത്തിൽ ബി.ജെ.പി പ്രധാന ശക്തിയല്ല. ഇന്ത്യാ മുന്നണിയുടെ വിശാല കേന്ദ്രങ്ങളിലൊന്ന് കേരളമാണ്. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന്റെ പ്രവർത്തനം ഏകോപിപ്പിക്കേണ്ട ചുമതലയുള്ള കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കേരളത്തിലാണോ മത്സരിക്കേണ്ടത്?​

കോൺഗ്രസിന് അവരെക്കുറിച്ചു തന്നെ ആത്മവിശ്വാസമില്ലാത്ത സ്ഥിതിയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലീഗിന്റെ കരുത്തു കണ്ടിട്ടാണ്. ഇന്ത്യാ മുന്നണിയിലൂടെ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി എടുക്കണം. അവിടെയെല്ലാം ബി.ജെ.പി വിരുദ്ധ വോട്ട് ഛിന്നഭിന്നമാകാതെ നോക്കണം. ഏതു പാർട്ടിക്കാണ് പ്രദേശിക തലത്തിൽ ശക്തിയെന്നു നോക്കണം. അല്ലെങ്കിൽ അപകടകരമായ സ്ഥിതിയുണ്ടാകും.


 ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷകൾ എത്രത്തോളമാണ്?

ബി.ജെ.പിയുടെ കൈയിൽ കോടിക്കണക്കിന് പണമുണ്ട്. ഇലക്ടറൽ ബോണ്ടിൽനിന്നു മാത്രം ആയിരക്കണക്കിന് കോടി രൂപയാണ് കിട്ടിയത്. ഈ പണമുപയോഗിച്ചാണ് ജനാധിപത്യത്തെ വിലയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 63 ശതമാനം വോട്ടുകളും ബി.ജെ.പിക്കെതിരായിരുന്നു. ഈ വോട്ടുകൾ ഭിന്നിച്ചുപോകാതെ നോക്കിയാൽ നേട്ടമുണ്ടാകും. രാജ്യത്തെ ശിഥിലമാക്കുന്ന ബി.ജെ.പിയെ ഭരണത്തിൽ നിന്നിറക്കാൻ കഴിയുമെന്നാണ് വിശ്വാസം.

 പാനൂർ ബോംബ് സ്‌ഫോടനം പ്രചാരണത്തിലെ മുന്നേറ്റത്തിന് തിരിച്ചടിയായില്ലേ?

ആ സ്‌ഫോടനവുമായി സി.പി.എമ്മിനു ബന്ധമില്ല. ആരെങ്കിലും ബോംബ് നിർമിച്ചുവെങ്കിൽ അത് പാർട്ടിക്കുമേൽ കെട്ടിവയ്ക്കരുത്. രാഷ്ട്രീയമായി ഞങ്ങൾക്കെതിരെ അത്തരമൊരു നീക്കം നടക്കുന്നുണ്ട്. ആക്രമിക്കുന്നവരെപ്പോലും സായുധരായി നേരിടില്ലെന്ന് 22ാം പാർട്ടി കോൺഗ്രസിൽ സി.പി.എം തീരുമാനിച്ചതാണ്. അതിനു ശേഷം 27 പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടു. ആർ.എസ്.എസും കോൺഗ്രസും ലീഗുമാണ് അതിനു പിന്നിൽ. എന്നിട്ടും സമാധാനം നിലനിർത്താൻ ഉത്തരവാദപ്പെട്ട പാർട്ടി എന്ന നിലയിൽ സംയമനം പാലിച്ച സി.പി.എമ്മിനെ പാനൂർ സ്‌ഫോടനത്തിന്റെ പേരിൽ പ്രതിസ്ഥാനത്തു നിറുത്താനാണ് ശ്രമം.

 പെൻഷൻ കുടിശ്ശിക, സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാകുമോ?

പെൻഷന്റെ പേരിൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. അവരുടെ കാലത്തെ പെൻഷൻ കൊടുത്തുതീർത്തത് ഇടതുപക്ഷമാണ്. കേരളത്തിന് അവകാശപ്പെട്ട തുക പിടിച്ചുവച്ച് കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. ഈ വർഷം അർഹതപ്പെട്ട 64,​000 കോടി കിട്ടാനുണ്ട്. പണം കിട്ടിയാൽ പെൻഷൻ 1600-ൽ നിന്ന് 2500 രൂപ ആക്കും. വീട്ടമ്മമാർക്കും പെൻഷൻ നല്‍കും. കേന്ദ്ര അവഗണന സംസ്ഥാന സർക്കാരിനോടല്ല, ഇവിടുത്തെ ജനങ്ങളോടാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ കേരളത്തിൽ നിന്നുള്ള 18 എം.പിമാരും തയ്യാറായില്ല. പാർലമെന്റിൽ അവർ എന്തെങ്കിലും മിണ്ടിയിട്ടുണ്ടെങ്കിൽ അത് കേരളത്തിന് എതിരെയാണ്.

 വീണാ വിജയൻ, കരുവന്നൂർ വിഷയങ്ങളിലെ അന്വേഷണം?

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കം. കേന്ദ്രഭരണം ഉപയോഗിച്ച് അന്വേഷണ ഏജൻസികളെ രംഗത്തിറക്കി പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം രാഷ്ട്രീയ ഗൂഢാലോചനകൾ മറികടന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതു മുന്നണിയെ വീണ്ടും തെരഞ്ഞെടുത്തത്.

 സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായി തിരഞ്ഞെടുപ്പ് മാറുമോ?

കേവലമായ ഒരു വിലയിരുത്തലായല്ല അതിനെ കാണേണ്ടത്. സാർവദേശീയ തലം മുതൽ പ്രാദേശികതലം വരെ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തപ്പെടും. തീവ്ര വലതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്ന ബി.ജെ.പി.യെ പരാജയപ്പെടുത്തുന്നതിനാണ് വോട്ടുകൾ ഏകീകരിക്കപ്പെടുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.