തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ തടഞ്ഞിട്ടും വിലക്ക് ലംഘിച്ച് കേരള സർവകലാശാലയിൽ ജോൺബ്രിട്ടാസ് എം.പി പ്രഭാഷണം നടത്തി. പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ സർവകലാശാല രജിസ്ട്രാർക്ക് നോട്ടീസ് നൽകി. പെരുമാറ്റചട്ടം വകവയ്ക്കാതെ ഏത് സാഹചര്യത്തിലാണ് രാജ്യസഭാ എം.പിയായ ബ്രിട്ടാസ് വാഴ്സിറ്റിയിൽ രാഷ്ട്രീയ പ്രഭാഷണം നടത്തിയതെന്ന് വിശദീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. എൻ.ഡി.എയുടെ പരാതിയിലാണ് നടപടി. നാളെത്തന്നെ വിശദീകരണം നൽകാൻ ജോയിന്റ് രജിസ്ട്രാർ ഹരികുമാറിനെ ചുമതലപ്പെടുത്തിയതായി സർവകലാശാല അറിയിച്ചു.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ പ്രതിമാസ പ്രഭാഷണ പരിപാടിയിൽ ' ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിലായിരുന്നു ബ്രിട്ടാസിന്റെ പ്രഭാഷണം. വാഴ്സിറ്റി ആസ്ഥാനത്തെ യൂണിയൻ ഓഫീസായിരുന്നു വേദി. പെരുമാറ്റചട്ടവും ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ചുമതലയുള്ളതും ചൂണ്ടിക്കാട്ടി വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഇത് തടയാൻ രജിസ്ട്രാർക്ക് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ഉച്ചഭക്ഷണ ഇടവേള സമയത്ത് ബ്രിട്ടാസെത്തി പ്രഭാഷണം നടത്തി. രാഷ്ട്രീയ അജൻഡയുള്ള പരിപാടിയല്ലെന്നാണ് യൂണിയന്റെ വിശദീകരണം.
രാഷ്ട്രീയ യോഗമാണ് നടത്തിയതെന്ന എൻ.ഡി.എയുടെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം കളക്ടർ രജിസ്ട്രാറോട് വിശദീകരണം തേടിയത്. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും വൈസ് ചാൻസലറെയും വിമർശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. ജനാധിപത്യത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ്വി.സിയായിരിക്കുന്നതെന്നും യൂണിയൻ സംഘടിപ്പിച്ച സംവാദം തടയാനാവുമോയെന്നും ബ്രിട്ടാസ് പറഞ്ഞു. ഇത് പെരുമാറ്റചട്ട ലംഘനനമല്ല. ജനാധിപത്യം എന്താണെന്ന് ജനങ്ങൾ അറിയേണ്ടേയെന്നും ബ്രിട്ടാസ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |