തിരുവനന്തപുരം: വേനൽച്ചൂടിൽ ബിയർവിപണി ഉഷാറായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബിയർ വില്പനയിൽ നല്ല വർദ്ധനയുണ്ടായി. ബാറുകളിലാണ് ബിയറിന് കൂടുതൽ ചെലവ്. തണുത്തത് കിട്ടുന്നതാണ് കാരണം.
ഏപ്രിൽ രണ്ട് മുതൽ 17 വരെ 3.61 ലക്ഷം കെയ്സ് ബിയറാണ് ബാറുകളിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് വില്പന 2.62 ലക്ഷം കെയ്സായിരുന്നു. 99,000 കെയ്സുകളുടെ വർദ്ധന. ചില്ലറ വില്പനശാലകൾ വഴി 2.73 ലക്ഷം കെയ്സുകൾ വിറ്റു. കഴിഞ്ഞവർഷം 2.42 ലക്ഷം കെയ്സായിരുന്നു. വർദ്ധന 31,000 കെയ്സ്.
വില്പനയുടെ 90 ശതമാനവും കിംഗ് ഫിഷർ ബിയറാണ്. കോൾട്ട്, ആംസ്പെൽ, ബുള്ളറ്റ്,ബഡ്വൈസർ, ഫോസ്റ്റേഴ്സ്, വുഡ്പെക്കർ തുടങ്ങിയവയാണ് മറ്റ് പ്രധാന ഇനങ്ങൾ. 110 മുതൽ 170 രൂപ വരെയാണ് ബെവ്കോ ചില്ലറവില്പനശാലകളിലെ ബിയർ വില. ബാറുകളിൽ ഇത് 160 മുതൽ 240 വരെയാകും. ചൂട് ഇതേ നിലയ്ക്ക് തുടർന്നാൽ മേയിലും വില്പന പൊടിപൊടിക്കും.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില്പനയും കൂടിയിട്ടുണ്ട്. ബാറുകളിൽ ഇക്കാലയളവിൽ 2.54 ലക്ഷം കെയ്സ് മദ്യമാണ് വിറ്റഴിച്ചത്. മുൻവർഷത്തെക്കാൾ 68,000 കെയ്സുകളുടെ വർദ്ധന. ബെവ്കോ ചില്ലറവില്പനശാലകളിലാവട്ടെ കൂടിയത് ഒരു ലക്ഷത്തോളം കെയ്സ്. ബെവ്കോ വിറ്റുവരവ് ഏപ്രിൽ രണ്ട് മുതൽ 17 വരെ 967.78 കോടിയാണ്. (കഴിഞ്ഞ വർഷം 877.77 കോടി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |