SignIn
Kerala Kaumudi Online
Saturday, 27 July 2024 11.51 AM IST

'പത്തിരുപത് കൊല്ലമായി തിരുവനന്തപുരത്ത് നിലനിൽക്കുന്നു'; വിജയത്തിനുള്ള വെല്ലുവിളി അതുമാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ

rajeev-chandrashekar-

പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പലവട്ടം കൈവിട്ടുപോയ വിജയത്തിലേക്ക് മടുപ്പില്ലാതെ കുതിച്ചെത്തുന്ന ബി.ജെ.പി.യോട് ഇക്കുറി ജനങ്ങൾ കരുണകാണിക്കുമെന്ന പ്രതീക്ഷയിലാണ്. വെറുതെ വാഗ്ദാനങ്ങൾ നൽകുക. അതുമിതും പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുക. അതിലൂടെ രാഷ്ട്രീയ വിജയം നേടുക. ഇടതു വലതു മുന്നണികളുടെ പതിവ് കുതന്ത്രങ്ങൾ മടുപ്പാണുണ്ടാക്കുന്നത്. ഇതെല്ലാം മാറ്റേണ്ട കാലമായി. കേരള കൗമുദിയുമായി രാജീവ് ചന്ദ്രശേഖർ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:

പ്രചരണം തീരാറാകുമ്പോൾ സ്ഥിതിയെങ്ങനെ?

ഇതുവരെയുള്ള പ്രചാരണം ആത്മവിശ്വാസം നൽകി. അവസാനഘട്ടമെത്തുമ്പോൾ അത് കൂടിയെന്ന് പറയാം. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അതാണ് കാഴ്ച. രാജ്യം മുഴുവൻ വികസിക്കുന്നു. അടിസ്ഥാനസൗകര്യങ്ങളിലും തൊഴിലിലും വൻമാറ്റങ്ങൾ. എക്കാലവും ഓരോ കാരണങ്ങൾ പറഞ്ഞ് കേരളത്തെ ഒറ്റപ്പെടുത്തി തുരുത്താക്കി നിറുത്താനാകുമോ,രാജ്യത്തുണ്ടാകുന്ന ഗുണഫലങ്ങൾ കേരളത്തിന് എക്കാലവും നിഷേധിക്കുന്നത് ശരിയാണോ,ഇക്കുറിയും ഇടതുവലതു മുന്നണികൾ അതിന് ശ്രമിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ വഴിപ്പെടുമെന്ന് തോന്നുന്നില്ല.

വിജയം തട്ടിതെറിപ്പിക്കുന്നത് ക്രോസ് വോട്ടിംഗാണെന്നാണ് തിരുവനന്തപുരത്തെ ചരിത്രം.ആശങ്കയുണ്ടോ?

ദേശീയ തലത്തിൽ സി.പി.എമ്മും കോൺഗ്രസും ഒരേമുന്നണിയുടെ ഭാഗം. ഇവിടെ ജനങ്ങളെ പറ്റിക്കാൻ പരസ്പരം മത്സരിക്കുന്നു. പരസ്പരമുള്ള അന്തർധാരയും സജീവം. ലോകസഭയിലേക്ക് കോൺഗ്രസിനേയും അസംബ്ളിയിലേക്ക് സി.പി.എമ്മിനേയും പിന്തുണയ്ക്കാൻ അവർക്കിടയിൽ ധാരണയുണ്ട്. അതിനെ ജനപിന്തുണ കൊണ്ടേ മറികടക്കാനാകൂ. ജനവിശ്വാസവും കൂടുതൽ വോട്ടും നേടി വിജയിക്കാനാണ് ശ്രമിക്കുന്നത്.

വിജയത്തിനുള്ള വെല്ലുവിളികളെന്തൊക്കെയാണ്?

പത്തിരുപത് കൊല്ലമായി നിലനിൽക്കുന്ന ക്രോസ് വോട്ടിംഗ്,വോട്ടിംഗിലെ കൃത്രിമം,തെറ്റായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കൽ. ഇതൊക്കെയാണ് വെല്ലുവിളി. ഇതുവരെ 60000 വ്യാജ വോട്ടുകൾ കണ്ടെത്തി. കൂടാതെ അക്രമം കാട്ടിയും വോട്ടിംഗ് ശതമാനം കുറയ്ക്കാനുള്ള നീക്കവുമുണ്ട്.

വ്യക്തിപരമായ ആക്രമണങ്ങൾ എങ്ങനെബാധിക്കും?

വികസനം സംസാരിക്കുമ്പോൾ വ്യക്തിപരമായി ആക്രമിച്ച് ശ്രദ്ധതിരിക്കാനുള്ള ഹീനശ്രമം. അത് കോൺഗ്രസിന് എന്നുമുണ്ട്. പൊതുജീവിതത്തിൽ സംശുദ്ധിസൂക്ഷിച്ചുപോരുന്നുണ്ട്. കഴിഞ്ഞ 18വർഷങ്ങളായി അങ്ങനെയാണ്. ബിസിനസും ചെയ്യുന്നുണ്ട്. കാശുകൊടുത്ത് വോട്ട് വാങ്ങാൻ ശ്രമിച്ചുവെന്നാണ് ശശിതരൂരിന്റെ ആരോപണം. ഇലക്ഷൻകമ്മിഷന് നോട്ടീസ് കൊടുത്തപ്പോൾ അങ്ങനെ പറഞ്ഞില്ലെന്നാണ് മറുപടി. അതങ്ങനെ വിടില്ല. ഇന്നലെ കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്വത്ത് വിവരം മുഴുവൻ കൊടുത്തില്ലെന്നാണ് മറ്റൊരു ആരോപണം. ഇലക്ഷൻ കമ്മിഷനിൽ സത്യവാങ്മൂലം തെറ്റായി നൽകാൻമാത്രം വിഡ്ഢിയാണോ ഞാൻ?.

വിഴിഞ്ഞം വികസനവും സംഘർഷവും ഇടപെടുമോ?

വിഴിഞ്ഞം വികസനത്തിന്റെ വാതിലാണ്. പക്ഷെ ജനങ്ങളെ വേദനിപ്പിച്ചാകരുത്. പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനങ്ങളല്ല. ജയിച്ചാൽ തീരദേശത്തെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടാക്കും. മുൻപ് ജയിച്ച് പോയ മാന്യൻ പറഞ്ഞ് വിഴിഞ്ഞം പ്രശ്നം മൂന്ന് തവണ പാർലമെന്റിൽ ഉന്നയിച്ചുവെന്നാണ്. അതോടെ തീർന്നോ ഉത്തരവാദിത്വം. പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞാൽ ഉണ്ടാക്കണം. മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കണ്ടേ? സംസ്ഥാനം ചെയ്യുന്നില്ലെന്ന് കോൺഗ്രസും കേന്ദ്രം അവഗണിക്കുന്നുവെന്ന് സംസ്ഥാനവും പറഞ്ഞതുകൊണ്ട് കാര്യം തീരുമോ. എൻ.ഡി.എ സങ്കൽപപത്രത്തിലും കേരളത്തിലെ മുന്നണി പ്രകടനപത്രികയും തിരുവനന്തപുരത്തെ വിഷൻ ഡോക്യുമെന്റിലും ഉൾപ്പെടുത്തിയെന്ന് പറയുമ്പോൾ അതെല്ലാം ഞാൻ ജയിച്ചാൽ പൂർണ്ണമായും ചെയ്യുമെന്നാണ് ഉറപ്പ്. സംസ്ഥാനം സഹകരിച്ചാലും ഇല്ലെങ്കിലും ചെയ്തിരിക്കും.

സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കില്ലേ?

അത് രാഷ്ട്രീയമാണ്. രാഷ്ട്രീയ വിജയമല്ല തേടുന്നത്. സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പും കേന്ദ്രസർക്കാരിനോടുള്ള മതിപ്പും ജനങ്ങളെ സ്വാധീനിക്കുന്നുണ്ടാകാം. എന്നാൽ വികസിത തിരുവനന്തപുരം എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. അത് ആർക്കും എതിരല്ല.മോദിയോട് മതിപ്പ് കൂടുതലുണ്ടാകും.കാരണം വികസനം നടപ്പാക്കി കാണിച്ച ഭരണാധികാരിയാണ്.നല്ല പോലെ ജീവിക്കണമെന്നും കുട്ടികളൊക്കെ നന്നായി പഠിച്ചാൽ ജോലികിട്ടാൻ അവസരമുണ്ടാകണമെന്നും ആരാണ് ആഗ്രഹിക്കാത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJEEV CHANDRA SHEKAR, KERALA, THIRUVANATHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.