
തിരുവനന്തപുരം: ലക്ഷങ്ങളുടെ കൈക്കൂലിയിടപാടിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജയിൽ ഡി.ഐ.ജി എം.കെ.വിനോദ് കുമാറുമായി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് അടുത്ത ബന്ധമെന്ന് ജയിൽ മുൻ ഡി.ഐ.ജി പി.അജയകുമാർ. വിനോദ് കുമാറിന്റെ അഴിമതിയുടെ പങ്ക് ജയിൽ മേധാവിക്കും ലഭിച്ചെന്നും അജയകുമാർ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നെന്നും വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോൾ ബൽറാംകുമാർ ഉപാദ്ധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. ടി.പി കേസ് പ്രതികൾക്ക് പരോൾ നൽകിയതിനുപിന്നിലും ഇവരുടെ കൂട്ടുകെട്ടാണ്. ജയിൽ സൂപ്രണ്ട്, പൊലീസ് എന്നിവരുടെ റിപ്പോർട്ടുകൾ ഇതിനായി അട്ടിമറിച്ചു. വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തിട്ടും കൊടിസുനിക്ക് പരോൾ ലഭിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് നേരേ വധഭീഷണി മുഴക്കിയെന്ന് ജയിൽ സൂപ്രണ്ടും പൊലീസും കൊടിസുനിക്കെതിരെ റിപ്പോർട്ട് നൽകിയിരുന്നതാണ്. ഇത് അട്ടിമറിച്ചാണ് ഉപാദ്ധ്യായ നേരിട്ട് സുനിക്ക് പരോൾ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇതിനെതിരെ ഉപാദ്ധ്യായ രംഗത്തെത്തി. ആരോപണങ്ങൾ യാഥാർത്ഥ്യമല്ലാത്തതും അടിസ്ഥാന രഹിതവുമാണെന്നും ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നിയമപരമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |