കുന്നംകുളം: പാറേമ്പാടത്തെ ഹോട്ടലിൽ വിതരണം ചെയ്തത് എലി തിന്നതിന്റെ ബാക്കി ഭക്ഷണം. കുന്നംകുളം പാറേമ്പാടത്ത് പ്രവർത്തിക്കുന്ന അലാമി അറബിക് റെസ്റ്റോറന്റിലാണ് എലി തിന്നതിന്റെ ബാക്കി ഭക്ഷണം വിതരണം ചെയ്തത്. സ്ഥാപനത്തിൽ തയ്യാറാക്കി വച്ചിരുന്ന അൽഫാമാണ് എലി കഴിച്ചത്. ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് എലി അൽഫാം കഴിക്കുന്നത് വീഡിയോയിൽ പകർത്തി.
തുടർന്ന് കുന്നംകുളം നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി.ജോണിന് അയച്ചുകൊടുത്തു. 15 മിനിറ്റിനകം സംഭവസ്ഥലത്തെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എലി കഴിച്ച ഭക്ഷണം പിടികൂടി നശിപ്പിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തുമ്പോഴും എലി അൽഫാം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ഭക്ഷണവും നശിപ്പിച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനം അടപ്പിച്ചു.
കടുത്ത ചൂടായതോടെ സംസ്ഥാനത്തൊട്ടാകെ ആരോഗ്യവിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹോട്ടലുകളും ജ്യൂസുകടകൾക്കും പുറമേ വഴിവക്കിലെ പഴവിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. പഴകിയതും വിഷപദാർത്ഥങ്ങൾ കുത്തിവച്ചതുമായ തണ്ണിമത്തനുകൾ വിൽക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ഇത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇവർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കടുത്ത വേനലിൽ തണ്ണിമത്തന് ഇപ്പോൾ വൻവിലയാണ്. അതുകൊണ്ടാണ് അമിതലാഭത്തിനുവേണ്ടിയാണ് ചീത്തയാകാതിരിക്കാനുള്ള മരുന്നുകൾ ഉൾപ്പടെ വിഷപദാർത്ഥങ്ങൾ കുത്തിവച്ച് വിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |