കൊച്ചി: ഒരു വ്യാഴവട്ടം പ്രേമകുമാരി നെഞ്ചുരുകി പ്രാർത്ഥിച്ചത് ഈയൊരു നിമിഷത്തിനായിരുന്നു. വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന പൊന്നുമോൾ നിമിഷപ്രിയയെ ഒരുനോക്കു കാണണം. ഇന്നലെ ആ കാത്തിരിപ്പ് സഫലമായി. വികാരനിർഭരമായിരുന്നു കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്‌നാട് സ്വദേശി, യെമനിൽ ജോലി ചെയ്യുന്ന സാമുവൽ ജെറോമിനും ഇന്ത്യൻ എംബസിയിലെ രണ്ട് ജീവനക്കാർക്കുമൊപ്പം പ്രാദേശിക സമയം പത്തരയോടെയാണ് (ഇന്ത്യൻസമയം ഒരുമണി) പ്രേമകുമാരി തലസ്ഥാനമായ സനയിലെ ജയിലിലെത്തിയത്.
നാലുപേരുടെയും ഫോണുകൾ ജയിൽ അധികൃതർ വങ്ങിവച്ചു. പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച. മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു. പ്രേമകുമാരിയുടെ വാക്കുകൾ മുറിഞ്ഞു. എംബസി ജീവനക്കാരൻ നെഫേയും ജീവനക്കാരി ദുഹയും സാമുവൽ ജെറോമും ജയിലിന് പുറത്തിറങ്ങി. എംബസി ജീവനക്കാർ നൽകിയ ഭക്ഷണം അമ്മയും മകളും ഒന്നിച്ചിരുന്ന് കഴിച്ചു.
2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയ്‌ക്ക് വധശിക്ഷ വിധിച്ചത്. യെമൻ പൗരന്റെ ഗോത്രവുമായി നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ച നടത്താനാണ് ശ്രമം. അയാളുടെ കുടുംബം മാപ്പു നൽകിയാൽ ശിക്ഷയിളവു ലഭിക്കും.
നിമിഷയുടെ ദുരിത കാലം
തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി പോയത്. തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തതോടെ നിമിഷപ്രിയയുടെ ദുരിതം ആരംഭിച്ചു. ബിസിനസിനായി സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. കൂടുതൽ പണത്തിന് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷ ഒറ്റയ്ക്കാണ് മടങ്ങിയത്.
നിമിഷ ഭാര്യയാണെന്ന് തലാൽ അബ്ദുൾ മഹ്ദി പലരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. പാസ്‌പോർട്ട് തട്ടിയെടുത്തു. സ്വർണം വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി ക്രൂരമായി മർദ്ദിച്ചു. ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ മൊഴി.
ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന ഇപ്പോൾ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. യെമനിലെ ഇന്ത്യൻ എംബസി ഇപ്പോൾ പ്രവർത്തിക്കുന്നത് അയൽരാജ്യമായ ജിബൂട്ടിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |