തൃശൂർ: എല്ലാം ദൈവം കാത്തുക്കൊളളുമെന്ന് നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി. ഉണ്ടായിരുന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നും സുരേഷ്ഗോപി.
'പാർട്ടി ഒരു റിവ്യൂ നടത്തിയിട്ടുണ്ട്. അതിന്റെ ഒരു ഫുൾ ടെക്സ്റ്റ് ഇതുവരെ വന്നിട്ടില്ല. ഉണ്ടായിരുന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഇരട്ടിച്ചു. നമുക്കല്ലല്ലോ പ്രധാനം. ജനങ്ങളുടെ തീരുമാനത്തിലേക്ക് നയിക്കുന്ന അവർ തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ പശ്ചാത്തലത്തിൽ അവർ സമ്മതിദാനം സമ്മാനിച്ച് കഴിഞ്ഞു.അത് പെട്ടിക്കുളളിലുണ്ട്. ജൂൺ നാല് വരട്ടെ. അന്നുവരെ പലതരത്തിലുളള ട്രോളുകളും സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അതുവരെ കാത്തിരിക്കാം. ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാത്തിനും മുകളിൽ ഒരാളുണ്ട്. ദൈവം കാത്തോളും. ക്രോസ് വോട്ടിനെ സംബന്ധിച്ച് ജനങ്ങൾക്കും ഒരു ബോധമുണ്ട്. 2019ൽ അവർക്കത് മനസിലായി'- സുരേഷ്ഗോപി പറഞ്ഞു.
അതേസമയം, കേരളത്തിൽ കഴിഞ്ഞ ദിവസം 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 70.35 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു. വടകര,മലപ്പുറം,കണ്ണൂർ മണ്ഡലങ്ങളിൽ അർദ്ധരാത്രിയിലേക്ക് വോട്ടെടുപ്പ് നീണ്ടെന്നാണ് സൂചന. യന്ത്രം പണിമുടക്കിയെന്നു പറഞ്ഞ് നിറുത്തിവച്ചതും വോട്ടെടുപ്പ് മന്ദഗതിയിൽ തുടർന്നതുമാണ് ഇതിനിടയാക്കിയത്.
ആറുമണിക്ക് മുമ്പ് എത്തിയവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. സ്ത്രീകൾ അടക്കം നിരവധിപേർ ഈ മണ്ഡലങ്ങളിലെ ബൂത്തുകളിൽ നിന്ന് വോട്ടുചെയ്യാതെ മടങ്ങിപ്പോയി. കോഴിക്കോടും വടകരയും നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിച്ചതായും ആക്ഷേപം ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |