കോഴിക്കോട്: മെഡി. കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത വീണ്ടും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ്സമരം തുടങ്ങി. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മൂന്നു ദിവസത്തിനകം നൽകാമെന്ന ഐ.ജി കെ.സേതുരാമന്റെ ഉറപ്പ് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും സമരം ആരംഭിച്ചത്. എന്നാൽ വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങൾ നൽകുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ നിയമോപദേശം തേടേണ്ടതുണ്ടെന്നും ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ പറഞ്ഞു.
രാവിലെ സമരം ആരംഭിച്ച അതിജീവിത ഉച്ചയോടെ ഐ.ജിയെ നേരിൽ കണ്ടു. റിപ്പോർട്ട് ലഭിക്കാൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സമരത്തിനിടെ പരാതിയുടെ ഫയൽ നമ്പർ അന്വേഷിക്കാൻ പോയപ്പോൾ പൊലീസ് തടഞ്ഞ നടപടിയിൽ കമ്മിഷണറോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം ഐ.ജിയെ മെഡിക്കൽ കോളേജ് എ.സി.പി അടക്കമുള്ള ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച അതിജീവിത സമരം തുടരുമെന്ന് വ്യക്തമാക്കി.
2023 മാർച്ച് 18നാണ് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അതിജീവിത പീഡനത്തിനിരയായത്.
ഹയർ സെക്കൻഡറി
സ്ഥലംമാറ്റം: കെ.എ.ടി
ഉത്തരവിന് നിയന്ത്രണം
കൊച്ചി: ഹയർസെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റം ഭാഗികമായി റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നിലവിൽ നടപ്പായ സ്ഥലംമാറ്റങ്ങൾക്ക് തത്കാലം ബാധകമല്ലെന്ന് ഹൈക്കോടതി. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ആലപ്പുഴ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ജി.വി. പ്രീതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ മൂന്ന് വരെ ബാധകമാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
2024 ഫെബ്രുവരി 12നാണ് നാല് വിഭാഗങ്ങളിലായി അദ്ധ്യാപകരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കെ.എ.ടിയെ സമീപിച്ച 130 അദ്ധ്യാപകർക്ക് നോട്ടീസയയ്ക്കാനും ഇതിന്റെ രസീത് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |