തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത നിർമ്മാണത്തിന്റെ പകുതിച്ചെലവ് വഹിക്കുന്നതിനാവശ്യമയാ പണം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ സംസ്ഥാന സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചു. ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് ഇന്ന് വിവിധ വകുപ്പ്സെക്രട്ടറിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം. 3800.93കോടി രൂപയാണ് നിർമ്മാണച്ചെലവായി വേണ്ടിവരുന്നത്. അതിന്റെ പകുതി 1900.47കോടി കേരളം വഹിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ റെയിൽവേ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം തീരുമാനമെടുക്കാത്തതിനാൽ പദ്ധതിക്ക് കേന്ദ്രബഡ്‌ജറ്റിലനുവദിച്ച 100കോടി രൂപ പാഴാവുമെന്ന് 'കേരളകൗമുദി' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
3800.93കോടിയായി എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് പകുതിച്ചെലവിന് റെയിൽവേ രേഖാമൂലമുള്ള ഉറപ്പാവശ്യപ്പെട്ടത്. ഇതുസമ്മതിച്ച് സംസ്ഥാനം ഉത്തരവിറക്കുകയും ധാരണാപത്രം ഒപ്പിടുകയും വേണം. അതിനു ശേഷമേ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് അംഗീകരിക്കൂ. പണം നൽകാമെന്ന് റെയിൽവേയുമായി കരാർ ഒപ്പിടേണ്ടി വരുന്നതാണ് തീരുമാനം നീളാനിടയാക്കിയത്. കരാർ വച്ചശേഷം വിഹിതം കൃത്യമായി നൽകിയില്ലെങ്കിൽ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ കുറവു വരുത്തും. റിസർവ് ബാങ്ക് ഗാരന്റിയും റെയിൽവേ ആവശ്യപ്പെടുന്നുണ്ട്. ബാങ്ക് വഴി നൽകുന്ന കേന്ദ്രവിഹിതത്തിൽ കുറവു വരുത്താമെന്നാണ് കേരളം കരാറുണ്ടാക്കേണ്ടത്.
സർക്കാരിന്റെ കത്ത് കിട്ടിയാലേ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കി ഭൂമിയേറ്റെടുക്കലടക്കം തുടങ്ങൂ. മുൻപ് ഘട്ടംഘട്ടമായി സംസ്ഥാന വിഹിതം നൽകിയാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ ഒറ്റത്തവണയായി നൽകണം. 2015ൽ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ചശേഷം, 2018ൽ സംസ്ഥാനം പിന്മാറിയതാണ് കരാർ വേണമെന്ന റെയിൽവേയുടെ കടുംപിടുത്തത്തിന് കാരണം. കിഫ്ബിയിൽ നിന്ന് പണം കിട്ടില്ലെന്നതിനാലാണ് ധനവകുപ്പ് ഉഴപ്പുന്നത്. കേന്ദ്രത്തിന് ഉറപ്പു നൽകിയാൽ പിന്മാറാനാവില്ലെന്ന് ധനവകുപ്പ് നിലപാടെടുത്തു. പണം എങ്ങനെ കണ്ടെത്തുമെന്ന് യോഗം ചർച്ചചെയ്യും.
കേരളത്തിന്
പിന്മാറാനാവില്ല
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിലേക്ക് ട്രെയിൻ യാത്രാസൗകര്യമെത്തുന്ന പദ്ധതി ഈ ജില്ലകളുടെ വികസനത്തിനും വഴിതുറക്കുന്നതായതിനാൽ സർക്കാരിന് അവഗണിക്കാനാവുന്നതല്ല.
1997ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111കിലോമീറ്റർ ശബരിപാതയിൽ അങ്കമാലി-കാലടി 7കി.മി റെയിൽപാതയും പെരിയാറിൽ മേൽപ്പാലവുമാണ് നിർമ്മിച്ചത്. 104കിലോമീറ്റർ പാതയാണ് നിർമ്മിക്കേണ്ടത്. ഇനി 274ഹെക്ടർ ഭൂമിയേറ്റെടുക്കണം.
ചെലവ് കൂടുന്നു
1997----------517
2017----------2815
2020----------3347
2022----------3421
2023----------3800
(തുക കോടിയിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |