
തിരുവനന്തപുരം: കര-നാവിക-വ്യോമ സേനകളെ ഏകോപിപ്പിച്ച് തിരുവനന്തപുരത്ത് സംയുക്ത സേനാകമാൻഡിന് പ്രാരംഭ നടപടികൾ ആരംഭിച്ചു. നാവികസേനയ്ക്കാണ് നേതൃത്വം. ആക്കുളത്താണ് സംയുക്ത കമാൻഡിന്റെ ആസ്ഥാനം. കടൽമാർഗമുള്ള ഭീഷണികൾ നേരിടുകയാണ് ദൗത്യം. നാവിക ദിനാഘോഷത്തിന് ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുമ്പോൾ സംയുക്ത കമാൻഡ് പ്രഖ്യാപനമുണ്ടായേക്കും.
നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഇരു സേനകളിലും പരസ്പരം മാറ്റി നിയമിച്ചുതുടങ്ങി. വ്യോമസേനാ ഉദ്യോഗസ്ഥരെ കരസേനയുടെ മിലിട്ടറി എൻജിനിയറിംഗ് സർവീസിലേക്കും നിയമിച്ചു. സംയുക്ത പരിശീലനവും തുടങ്ങി.
സംയുക്ത കമാൻഡ് വരുന്നതോടെ രാജ്യത്തെ പ്രധാന പ്രതിരോധ കേന്ദ്രമായി തിരുവനന്തപുരം മാറും. വിഴിഞ്ഞം തുറമുഖവും വി.എസ്.എസ്.സിയും ഉൾപ്പെടെ പരിഗണിച്ചാണ് തിരുവനന്തപുരത്ത് കമാൻഡ് വരുന്നത്. രാജ്യാന്തര കപ്പൽച്ചാലിന് 10 നോട്ടിക്കൽമൈൽ മാത്രം അടുത്താണ് തിരുവനന്തപുരം. ശ്രീലങ്കയിലും മാലദ്വീപിലും ചൈനീസ് സാന്നിദ്ധ്യം വർദ്ധിക്കുന്നതും കമാൻഡ് തിരുവനന്തപുരത്ത് സ്ഥാപിക്കാൻ കാരണമായി.
നിലവിൽ കര,വ്യോമ സേനകൾക്ക് ഏഴുവീതവും നാവികസേനയ്ക്ക് മൂന്നും കമാൻഡുണ്ട്. വ്യോമസേനയുടെ ദക്ഷിണകമാൻഡ് തിരുവനന്തപുരത്തും നാവികസേനയുടേത് കൊച്ചിയിലുമാണ്.
തിരുവനന്തപുരത്തും സംയുക്ത സ്റ്റേഷൻ തുടങ്ങാൻ കൊൽക്കത്തയിലെ സംയുക്ത കമാൻഡർ സമ്മേളനത്തിലാണ് തീരുമാനിച്ചത്. വിശാഖപട്ടണത്തും ഗുജറാത്തിലെ ഗാന്ധിനഗറിലും സംയുക്ത സ്റ്റേഷനുകൾ വരുന്നുണ്ട്. മൂന്ന് സേനകളെയും സംയോജിപ്പിച്ചുള്ള പരിശീലനത്തിന് സിലബസും പരിഷ്കരിക്കും.
ഓപ്പറേഷൻ കൂട്ടായി
മൂന്നു സേനകളും യോജിച്ചാവും തിരിച്ചടിയും പ്രതിരോധവും
മൂന്നു സേനകളുടെയും ആയുധ, ആൾബലം ഒരു കമാൻഡിനു കീഴിൽ
തിരുവനന്തപുരത്ത് ത്രീ-സ്റ്റാർ റാങ്കുള്ള വൈസ് അഡ്മിറലായിരിക്കും മേധാവി
മാരിടൈം കമാൻഡിൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സജ്ജമാക്കും
തലസ്ഥാനത്ത്
5 സേനകൾ
1 ദക്ഷിണവ്യോമസേനാ ആസ്ഥാനം
2 പാങ്ങോട്ട് കരസേനാ സ്റ്റേഷൻ
3 വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡ്
4 മുട്ടത്തറയിൽ ബി.എസ്.എഫ്
5 സി.എസ്.ഐ.എഫ് യൂണിറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |