അവസാന ചിത്രമായ കപ്കപി അടുത്ത മാസം റിലീസിന് ഒരുങ്ങവേയാണ് വിയോഗം
അച്ഛനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനൊപ്പം ഡോക്യുമെന്ററികളുടെ ഭാഗമായാണ് സംഗീത് ശിവൻ കലാ പ്രവർത്തനം തുടങ്ങുന്നത്. തുടക്കത്തിൽ ഡോക്യുമെന്ററികളിലാണ് പ്രധാനമായും ശ്രദ്ധിച്ചത്.സഹോദരനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ പ്രേരണയിൽ
1990 ൽ രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്രം. പൊലീസ് ക്രൈം സ്റ്റോറിയായ വ്യൂഹം വ്യത്യസ്തമായ മേക്കിങും കഥ പറച്ചിലും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച യോദ്ധ ആണ് സംഗീത ശിവൻ മലയാളത്തിന് നൽകിയ മാസ്റ്റർ പീസ്.
അരവിന്ദ് സ്വാമിയും ഗൗതമിയും അഭിനയിച്ച ഡാഡി, മോഹൻലാൽ നായകനായ ഗാന്ധർവ്വം, നിർണയം എന്നീ ചിത്രങ്ങൾ പിന്നാലെ ഒരുക്കി. ജോണിക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 1997 ൽ സണ്ണി ഡിയോൾ നായകനായ സോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് പ്രവേശം. സന്ധ്യ, ചുരാലിയ ഹേ തുംനേ, ക്യ കൂൾ ഹേ തും, അപ്ന സപ്ന മണി, ഏക് ദ് പവർ ഒഫ് വൺ ക്ളിക്ക്, യാംല വഗ്‌ല ദിവാന എന്നീ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.2000 ൽസംവിധാനം ചെയ്ത സ്നേപൂർവം അന്ന ആണ് സംഗീത് ശിവൻ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം.ഇഡിയറ്റ്സ്, ഇ എന്നീ മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.മലയാളത്തിൽ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ സന്തോഷ് ശിവനായിരുന്നു. യോദ്ധ എന്ന ചിത്രത്തിലൂടെ എ.ആർ. റഹ്മാനെ മലയാളത്തിലേക്ക് എത്തിച്ചതും സംഗീത് ശിവൻ തന്നെ.
2023 ലെ മലയാളത്തിലെ ബ്ളോക് ബസ്റ്റർ ഹിറ്റുകളിലൊന്നായ രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കപ്കപി ആണ് അവസാന ചിത്രം. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാണ്ഡെ, തുഷാർ കപൂർ, സിന്ധി ഇദ്‌നി, സോണിയ റാത്തി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത മാസം റിലീസ് ഒരുങ്ങവേയാണ് സംഗീത് ശിവന്റെ അപ്രതീക്ഷിത വിയോഗം. സംവിധാന ജീവിതത്തിൽ വഴിത്തിരിവായ യോദ്ധയുടെ രണ്ടാം ഭാഗം, മമ്മൂട്ടി നായകനായ സിനിമ ഈ രണ്ട് സ്വപ്നങ്ങൾ ബാക്കിവച്ചാണ് സംഗീത് ശിവന്റെ മടക്കം.
സ്നേഹ സമ്പന്നനായ സഹോദരൻ- മോഹൻലാൽ
സംവിധായകൻ സംഗീത് ശിവന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചു.
സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട.മോഹൻലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |