
ഗാന്ധിനഗർ: സാരംഗ്പൂരിലെ ശ്രീ കഷ്ടഭഞ്ജൻ ദേവ് ഹനുമാൻജി ക്ഷേത്രം സന്ദർശിച്ച് റിലയൻസ് ഗ്രൂപ്പ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഇളയമകൻ അനന്ദ് അംബാനിയും. ഇന്നലെ ക്ഷേത്രത്തിലെത്തിയ മുകേഷ് പ്രാർത്ഥന നടത്തുകയും അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇരുവരും സന്ദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പുതുവർഷത്തിലേക്കുള്ള അംബാനി കുടുംബത്തിന്റെ ആത്മീയ തുടക്കത്തിന്റെ ഭാഗമായിരുന്നു ക്ഷേത്ര സന്ദർശനം.
കഷ്ടബഞ്ചക് ഹനുമാൻ ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിനുശേഷമാണ് മുകേഷ് അംബാനിയും മകനും മടങ്ങിയത്. വർഷാരംഭത്തിൽ പ്രമുഖ മതകേന്ദ്രങ്ങളിൽ അനുഗ്രഹം തേടുന്നത് അംബാനി കുടുംബം കാലങ്ങളായി പിന്തുടർന്ന് വരുന്നതാണ്. വെള്ളിയാഴ്ച മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും ഗുജറാത്തിലെ സോമനാഥ് മഹാക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിരുന്നു.വ്യക്തിപരവും വ്യവസായപരവുമായ ശ്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വർഷം തോറും സോമനാഥ് മഹാദേവ് ക്ഷേത്രത്തിൽ അനുഗ്രഹം തേടുന്നത് അംബാനി കുടുംബത്തിന് സുപരിചിതമാണ്. കുടുംബത്തിന്റെ ഐശ്വര്യത്തിനുകാരണം ആത്മീയ സന്ദർശനങ്ങളാണെന്നും അംബാനിമാർ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും സമാനമായ സന്ദർശനം നടത്തിയിരുന്നു. നേരത്തെ ദ്വാരകയിലെ ദ്വാരകാധീശ് മന്ദിറും അംബാനി കുടുംബം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ മുകേഷ് അംബാനി സന്ദർശനം നടത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ക്ഷേത്ര ദർശനത്തിനു ശേഷം ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയ്ക്കായി 15 കോടി രൂപയുടെ ചെക്കും കൈമാറിയ ശേഷമായിരുന്നു അംബാനിയുടെ മടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |