കുടിശ്ശിക 10 ഗഡുക്കളായി തിരിച്ചടയ്ക്കാം
വരുന്ന സഭാസമ്മേളനത്തിൽ കൊണ്ടുവരും
തിരുവനന്തപുരം: 20 ലക്ഷം വരെ കുടിശ്ശികയ്ക്ക് ബാങ്ക് ജപ്‌തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാൻ സർക്കാരിന് അധികാരം വരുന്നു. ഇതിനുള്ള നിയമഭേദഗതി അടുത്ത സഭാസമ്മേളനത്തിൽ അവതരിപ്പിക്കും. 10 ഗഡുക്കളായാണ് തിരിച്ചടയ്ക്കേണ്ടത്. ഇത് ജപ്‌തി ഭീഷണി നേരിടുന്ന ആയിരങ്ങൾക്ക് ആശ്വാസമാവും.
20 ലക്ഷത്തിന് മുകളിലുള്ളവയിൽ ഡെബ്‌റ്റ് റിക്കവറി ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്. ദേശസാത്കൃത, ഷെഡ്യൂൾഡ്, കോമേഴ്സ്യൽ ബാങ്കുകളുൾപ്പെടെ റവന്യുവകുപ്പ് വഴി നടത്തുന്ന ജപ്തിയിൽ സർക്കാരിന് ഇടപെടാം. പക്ഷേ, കേന്ദ്രനിയമമായ സർഫാസിക്ക് ബാങ്കുകൾ വിട്ട കേസുകളിൽ പറ്റില്ല. ഒരു ലക്ഷത്തിനു മേൽ കിട്ടാക്കടം കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ ഇടപെടലില്ലാതെ തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് സർഫാസി അധികാരം നൽകുന്നു.
ജപ്തിക്ക് അനുമതി തേടി ബാങ്കുകൾ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെ സമീപിക്കുമ്പോൾ സർക്കാർ ഇളവുകൾ അനുവദിക്കാറുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ബാങ്കുകളുടെ കേസിൽ 2019ൽ ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിമാർ, വകുപ്പു സെക്രട്ടറിമാർ എന്നിവർക്ക് സ്റ്റേ അനുവദിക്കാനോ കുടിശിക ഗഡുക്കളാക്കാനോ അധികാരമില്ലെന്നായിരുന്നു ഉത്തരവ്. അപ്പീലിലും ഫലമുണ്ടായില്ല. തുടർന്നാണ് നിയമ ഭേദഗതിക്ക് തീരുമാനിച്ചത്.
പതിനായിരക്കണക്കിന് അപേക്ഷകളാണ് ഇളവുതേടി സർക്കാരിൽ കെട്ടിക്കിടക്കുന്നത്. റവന്യുവകുപ്പ് തയ്യാറാക്കിയ കരടുബിൽ നിയമവകുപ്പ് അന്തിമമാക്കും. റവന്യുമന്ത്രി സഭയിൽ അവതരിപ്പിക്കും.
തഹസിൽദാർക്ക്
മുതൽ അധികാരം
കുടിശ്ശികയുടെ തോതനുസരിച്ച് തഹസിൽദാർ, കളക്ടർ, മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവർക്കാണ് ജപ്തിയൊഴിവാക്കാൻ അധികാരം. തഹസിൽദാർക്ക് രണ്ടരലക്ഷം വരെ കുടിശ്ശിക ഗഡുക്കളാക്കാം. കളക്ടർക്കും മന്ത്രിമാർക്കും 5 ലക്ഷം, ധനമന്ത്രിക്ക് 10 ലക്ഷം, മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയും.
മൊറട്ടോറിയം ഗുണകരമല്ല
വായ്പാതിരിച്ചടവിൽ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കാറുണ്ട്. കുടിശികയുള്ളവർക്ക് കാലാവധി നീട്ടിക്കിട്ടുമെന്ന് മാത്രം. കാലാവധി കഴിയുമ്പോൾ നീട്ടിയ സമയത്തെ പലിശയും ചേർത്ത് തിരിച്ചടയ്ക്കണം.
വായ്പാതിരിച്ചടവിൽ ബാങ്കുകളെക്കൊണ്ട് അനുഭാവ പൂർണമായ നിലപാടെടുപ്പിക്കാനാണ് സർക്കാർ ശ്രമം
-കെ.എൻ. ബാലഗോപാൽ,
ധനമന്ത്രി (സഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |