തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ മാത്രമല്ല, ചില അദ്ധ്യാപകരും കുഴപ്പക്കാരാണെന്ന് അന്വേഷണ റിപ്പോർട്ട്. പ്രശ്നക്കാരായ അദ്ധ്യാപകരെ കണ്ടെത്തി സ്ഥലംമാറ്റാൻ സർക്കാർ നടപടി തുടങ്ങി.
ഗവർണർ പി. സദാശിവത്തിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ,ഇക്കാര്യത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്റി കെ.ടി. ജലീൽ കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർക്കു നിർദേശം നൽകി.
വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടർന്നു കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 28 അധ്യാപകരോട് സർക്കാർ വിശദീകരണം തേടിയിരുന്നു. പുതിയ റിപ്പോർട്ട് കൂടി പഠിച്ച ശേഷമാകും സ്ഥലം മാറ്റം അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുക. കേരള സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നേരത്തെ മൂന്ന് അനദ്ധ്യാപകരെ സ്ഥലം മാറ്റിയിരുന്നു. അദ്ധ്യാപകരെ മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്റിയുടെ ഓഫിസ് അറിയിച്ചു.
കൃത്യമായി ക്ലാസെടുക്കാതെ ഉഴപ്പി നടക്കുന്നവർ, പഞ്ചിംഗ് നടത്താത്തവർ, വർഷങ്ങളായി യൂണിവേഴ്സിറ്റി കോളേജിൽ തുടരുന്നവർ തുടങ്ങിയവരെ കണ്ടെത്തി റിപ്പോർട്ട് നൽകാനാണു ഉന്നത വിദ്യാഭ്യാസ മന്ത്റിയുടെ ഓഫിസിന്റെ നിർദേശം. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിനു ശേഷം കോളേജിലെ യൂണിയൻ ഓഫീസ് പൂട്ടിയിരുന്നു. പിന്നീട് എപ്പോഴാണ് തുറന്നതെന്ന് സർക്കാരിന് അറിയില്ല.
മന്ത്രി ജലീൽ പറയുന്നു
വിദ്യാർത്ഥികളെ നിർബന്ധിച്ച് സമരങ്ങൾക്കിറക്കാൻ അനുവദിക്കില്ല
യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കടത്തിയതിൽ അധ്യാപകരുടെ പങ്കും അന്വേഷിക്കും
നിഖിലയുടെ ആത്മഹത്യാശ്രമത്തിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ കോളേജിൽ നടപ്പായില്ല.
കോളേജിൽ സംഘടനാ പ്റവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്താൻ നിയമം കൊണ്ടുവരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |