കൊച്ചി: 'നിന്റെ അച്ഛൻ എന്തുതരും..' വിവാഹശേഷം രാഹുൽ പി.ഗോപാലിന്റെ അമ്മ മകളോട് പലവട്ടം ഇങ്ങനെ ചോദിച്ചിരുന്നതായി പന്തീരാങ്കാവിൽ ഗാർഹികപീഡനത്തിന് ഇരയായ പറവൂർ സ്വദേശിയായ നവവധുവിന്റെ പിതാവ്. അച്ഛന്റെ കഴിവിനനുസരിച്ച് തരുമെന്ന് മകളും മറുപടി നൽകിയിരുന്നു. വിവാഹത്തിന് മുമ്പ് രാഹുലിന്റെ വീട് സന്ദർശിച്ചപ്പോൾ 'മകന്റെ വിദ്യാഭ്യാസവും ജോലിയും അറിയാമല്ലോ' എന്നും അവർ ഓർമ്മപ്പെടുത്തിയിരുന്നു. ഇതിൽ നിന്നെല്ലാം അവർ ഉദ്ദേശിച്ചത് സ്ത്രീധനം തന്നെയല്ലേ.
മകൾക്ക് നൽകിയ സ്വർണവും പണവും കുറഞ്ഞുപോയതുകൊണ്ടാണ് അവർ ഇങ്ങനെയൊക്കെ ചോദിച്ചത്. കൂടുതൽ സ്ത്രീധനം കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.
സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇപ്പോൾ അവർ പറയുന്നത് നുണയാണ്. പിടിച്ചു നിൽക്കാൻ വേണ്ടി നുണകൾ പറഞ്ഞു പരത്തുകയാണ്. മകളെ അതിക്രൂരമായാണ് രാഹുൽ മർദ്ദിച്ചത്.
മകളുടെ ഫോണിലേക്ക് സന്ദേശങ്ങളും വിളികളും വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് അവരുടെ പുതിയ ആരോപണം. മകൾക്ക് ആൺ- പെൺ വ്യത്യാസമില്ലാതെ നിരവധി സുഹൃത്തുക്കളുണ്ട്. വിവാഹശേഷം അവർ സന്ദേശങ്ങളായും ഫോണിൽ വിളിച്ചും ആശംസകൾ അറിയിച്ചിട്ടുണ്ട്. വിവാഹശേഷം ഒഴിവാക്കാവുന്നതാണോ സൗഹൃദം. മെസേജ് വന്നതിന് ക്രൂരമായി മർദ്ദിക്കുകയാണോ ചെയ്യേണ്ടത്. മകളുടെ ഫോൺ ഏത് അന്വേഷണ സംഘത്തിനും കൈമാറാൻ തയ്യാറാണെന്നും പിതാവ് പറഞ്ഞു.
'രാഹുൽ വിവാഹ തട്ടിപ്പുകാരൻ'
രാഹുൽ വിവാഹത്തട്ടിപ്പുകാരനാണ്. മകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു പെൺകുട്ടിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഒന്നിച്ച് ബംഗളൂരുവിൽ താമസിച്ചു. ഇതെല്ലാം മറച്ചുവച്ചാണ് വിവാഹം ഉറപ്പിച്ചത്. അത് നിശ്ചയത്തിനുശേഷം മുടങ്ങിയെന്ന കള്ളമാണ് പറഞ്ഞത്. മകൾക്ക് എല്ലാം അറിയാമായിരുന്നെന്ന പച്ചക്കള്ളം പറഞ്ഞ് രാഹുലിന്റെ അമ്മ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിവാഹിതനായ ഒരാളെ കല്യാണം കഴിക്കേണ്ട അവസ്ഥ തന്റെ മകൾക്കില്ല.
പൊലീസ് ഗുരുതര വീഴ്ച വരുത്തി
കേസെടുക്കുന്നതിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തെയും ഇക്കാര്യം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |