തിരുവനന്തപുരം: പുതുതായി നിർദ്ദേശിച്ച എണ്ണത്തെക്കാൾ കൂടുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ വിവരമറിയുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ. ഡ്രൈവിംഗിൽ നല്ല പരിജ്ഞാനമുള്ളവരേ പാസാകാൻ പാടുള്ളൂ. ഇക്കാര്യത്തിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ചർച്ചയിൽ പിന്തുണ അറിയിച്ചു.
ലൈസൻസ് എടുത്തശേഷം വീണ്ടും ഡ്രൈവിംഗ് പരിശീലിക്കേണ്ട സാഹചര്യമുണ്ടാകരുത്. പരിഷ്‌കരണങ്ങളെ തുടർന്ന് ഒരാളുടെയും കഞ്ഞികുടി മുട്ടില്ല. സ്ത്രീകളായ പഠിതാക്കളിൽ നിന്ന് കൂടുതൽ പണം വാങ്ങുന്നുവെന്ന ആരോപണമുണ്ട്. നിരക്ക് ഏകീകരിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
കെ.എസ്.ആർ.ടി.സി പത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കും. ഇതിനുള്ള ഫണ്ട് ഉടൻ അനുവദിക്കും. കെ.എസ്.ആർ.ടി.സിയുടെ വിഭവശേഷി ആണ് ഇതിനായി ഉപയോഗിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഇളവ് നൽകും.
സിഗ് സാഗ്, റിവേഴ്സ്
പാർക്കിംഗ് ഉപേക്ഷിച്ചിട്ടില്ല
എച്ചിന് പകരം സിഗ്സാഗും റിവേഴ്സ് പാർക്കിംഗും കയറ്റത്തിൽ നിറുത്തി വാഹനമെടുക്കലുമടക്കം ഉൾപ്പെടുത്തിയുള്ള പുതിയ രീതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ച പ്രകാരമുള്ള ഡിസൈനിൽ ട്രാക്കൊരുക്കാൻ കൂടുതൽ സ്ഥലംവേണം. ഇതിനുപകരം ലഭ്യമായ സ്ഥലത്ത് ഇതെല്ലാം ഉൾപ്പെടുത്തി ടെസ്റ്റ് നടത്തുന്നതിനുള്ള ഡിസൈൻ നൽകാൻ ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളോട് മന്ത്രി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കണം. ഇതെല്ലാം പരിഗണിച്ച് ഉചിതമായ സംവിധാനം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |