താരദമ്പതികളാൽ സമ്പുഷ്‌ടമാണ് മലയാള സിനിമ. വെള്ളിത്തിരയിൽ തുടങ്ങിയ പ്രണയം ജീവിത്തിലേക്കും അതേപടി പകർത്തിയ താരങ്ങൾ നിരവധിയാണ്. ഇതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികൾ ആരെന്ന ചോദ്യത്തിന്, ജയറാം- പാർവതി എന്ന ഒറ്റ ഉത്തരമേയുള്ളൂ. സന്തുഷ്‌ട ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ചാണ്ടുകൾ പിന്നിടുമ്പോഴും ഇരുവരുടെതും ഒരു പ്രണയഗാഥ തന്നെയായിരുന്നുവെന്ന് ഓർക്കുകയാണ് ജയറാം.
ജയറാമിന്റെ വാക്കുകൾ-
'അന്ന് അശ്വതിയുടെ (പാർവതി) അമ്മ ഞാനുമായി സംസാരിക്കാൻ പോലും സമ്മതിക്കില്ല. എനിക്ക് കൂട്ട് സംവിധായകൻ കമൽ, ക്യാമറാമാൻ എന്നിവരൊക്കെയാണ്. സിനിമയിൽ ട്രെയിനിലെ ഷോട്ട് കഴിഞ്ഞാൽ അപ്പോൾ അമ്മ വന്ന് പാർവതിയെ വിളിച്ചു കൊണ്ടു പോകും. ഇപ്പോൾ മക്കളെന്നെ കളിയാക്കാറുണ്ട്. അമ്മ പറയുന്നതൊക്കെ സമ്മതിച്ചുകൊടുക്കച്ഛാ, ഒന്നുമില്ലെങ്കിലും ആദ്യം കണ്ടപ്പോൾ ഒരു മണിക്കൂർ തൊഴുത് നിന്നതല്ലേ എന്ന്. അത് സത്യമാണ്. അപരൻ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. അപ്പോൾ സുകുമാരി ചേച്ചിയാണ് വന്ന് പറഞ്ഞത്, തന്നെ കാണാൻ ഒരാൾ കാത്തു നിൽക്കുന്നുണ്ടെന്ന്. ആരാന്ന് ചോദിച്ചപ്പോൾ പാർവതിയാണെന്ന് പറഞ്ഞു. ഞാൻ സ്‌ക്രീനിൽ മാത്രമല്ലേ അന്ന് കണ്ടിട്ടുള്ളൂ. ഞാൻ എണീറ്റു നിന്ന് നമസ്‌കാരം പറഞ്ഞു. ഇരിക്കൂന്ന് പറഞ്ഞിട്ടും, ഒരു മണിക്കൂറോളം റെസ്‌പക്‌ടിൽ നിന്ന് തൊഴുത് നിന്നിട്ടുണ്ട് ഞാൻ'.
1992ലായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്‌തകം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിവാഹത്തിന് ശേഷം പാർവതി അഭിനയരംഗത്തു നിന്ന് വിടപറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |