കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് ടൗൺ അസി.പൊലീസ് കമ്മിഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. ആശുപത്രി അധികൃതരുടെ മൊഴിയുമെടുത്തു.
അന്വേഷണം ഉടൻ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ശസ്ത്രക്രിയ നടത്തിയ ഡോ. ബിജോൺ ജോൺസണെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്നും മറ്റൊരു കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രി അധികൃതരുടെ അശ്രദ്ധ കാരണമാണ് കുട്ടിക്ക് രണ്ടു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത്. നാവിന് പ്രശ്നമുള്ളതായും ശസ്ത്രക്രിയ നടത്തുന്നതായും അറിയിച്ചില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ വായിൽ പഞ്ഞിവച്ചത് കണ്ട് ചോദിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. കുട്ടിയുടെ നാവിന് ഇപ്പോൾ ചെറിയ വേദനയുണ്ട്. ഇനി രണ്ടാഴ്ചയ്ക്കുശേഷമാണ് ഡോക്ടറെ കാണേണ്ടത്. കുട്ടിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |