ഡീലിൽ കൈമലർത്തി ചർച്ച നടത്തിയവർ
തിരുവനന്തപുരം. കോളിളക്കം സൃഷ്ടിച്ച സോളാർ സമരം ഒത്തു തീർപ്പിലെത്തിയത്എൽ.ഡി.എഫ്-യു.ഡി.എഫ് നേതൃത്വത്തിലെചിലർ നടത്തിയ ധാരണ പ്രകാരമാണെന്ന വെളിപ്പെടുത്തൽ ഫലത്തിൽ ഇരുമുന്നണികളെയും വെട്ടിലാക്കി.പാർട്ടിയിലെ മുതിർന്ന നേതാക്കളെപ്പോലും അറിയിക്കാതെ
അന്ന് മാദ്ധ്യമ പ്രവർത്തകനായ ജോൺ ബ്രിട്ടാസിനെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് നിയോഗിച്ചിരുന്നുവെന്ന വിവരം സി.പി.എമ്മിലും അമർഷം പുകയാനിടയാക്കി. പാർട്ടി കേന്ദ്രക്കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളും ഉള്ളപ്പോൾ ബ്രിട്ടാസും ചെറിയാൻ ഫിലിപ്പും ചർച്ചയ്ക്ക് നിയോഗിക്കപ്പെട്ടത് എങ്ങിനെയെന്ന ചോദ്യം അംഗങ്ങൾക്കിടയിലുണ്ട്. അതേസമയം സമരം ഒത്തുതീർപ്പാക്കിയതിനു പിന്നിലെ ഡീൽ എന്തായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ മാദ്ധ്യമ പ്രവർത്തകനോ, വിവാദത്തിൽ പ്രതികരിച്ച നേതാക്കളോ മൗനം പാലിക്കുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ഡീലില്ലെന്നാണ് തിരുവഞ്ചൂർ സൂചിപ്പിച്ചത്.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ സോളാർ സമരം ഒന്നര ദിവസം കൊണ്ട് ഒത്തുതീർപ്പായിരുന്നു. ജിഡിഷ്യൽ അന്വേഷണം നടത്തുമെന്ന ഉറപ്പിൽ സമരം പെട്ടെന്ന് പിൻവലിച്ചത് എൽ.ഡി.എഫ് അണികളെ മാത്രമല്ല ഇടതുമുന്നണിയിലെ പല പ്രമുഖ നേതാക്കളെയും ഞെട്ടിച്ചു. ടി.പി വധക്കേസിൽ പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ചില ഒത്തുതീർപ്പുകളുണ്ടായെന്ന് തുറന്നുപറഞ്ഞ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ടി.പി വധത്തിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട കെ.കെ.രമ എം.എൽ.എയും ഈ വിഷയത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല.
ടി.പി. ചന്ദ്രശേഖരൻ കേസ് അന്വേഷണം സി.പി.എം തലപ്പത്തേക്ക് നീണ്ടപ്പോൾ ഒത്തുതീർപ്പിന്റെ ഭാഗമായി സമരം അവസാനിപ്പിച്ചുവെന്ന സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ അന്നുയർന്നിരുന്നു. ടി.പി കേസ് അന്വേഷണത്തിൽ സുപ്രധാന പങ്കുവഹിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ അനൂപ് കുരുവിള ജോണിന്റെ കൈവശം കേസ് സംബന്ധിച്ച് നിർണായക തെളിവുകൾ ഉൾക്കൊള്ളുന്ന ഫോൺ സംഭാഷണത്തിന്റെ ടേപ്പുണ്ടെന്നുള്ള വിവരങ്ങൾ അന്ന് പുറത്തുവന്നിരുന്നു. പിന്നീട് ഇക്കാര്യങ്ങൾ എവിടെയും ചർച്ച ചെയ്യപ്പെട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ നിന്ന് സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം പിന്നോട്ടുപോയതും പൊടുന്നനെ ജുഡിഷ്യൽ അന്വേഷണം മതിയെന്ന നിലപാടു സ്വീകരിച്ചതും ഇടത് - വലത് മുന്നണികൾ തമ്മിൽ ഏതെങ്കിലും വിഷയത്തിലുള്ള രാഷ്ട്രീയ ധാരണ മൂലമാണെന്ന സംശയം അന്നുതന്നെ ഉളവാക്കിയിരുന്നു. എൻ.കെ.പ്രേമചന്ദ്രനും ചെറിയാൻ ഫിലിപ്പും അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ പോലും ഈ വിഷയത്തിൽ തന്ത്രപരമായ നിലപാടു സ്വീകരിക്കുമ്പോൾ ഇരു മുന്നണികൾക്കും ഒളിച്ചു വയ്ക്കാൻ എന്തോ ഉണ്ടെന്ന വാദം ശക്തിപ്പെടുകയാണ്. വിദേശയാത്ര കഴിഞ്ഞ് കേരളത്തിൽ മടങ്ങിയെത്തിയ മുഖ്യമന്ത്രി വരും ദിവസങ്ങളിൽ പ്രതികരിക്കാനിടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |