പൂനെ: പൂനെയിൽ അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. കേസിൽ 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം നൽകുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പ്രതി 15 ദിവസം യെർവാഡയിൽ ട്രാഫിക്ക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം. അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണം. മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് എന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. അതേസമയം, കുട്ടി മദ്യപിച്ചാണോ വാഹനമോടിച്ചതെന്ന് സ്ഥിരീകരിക്കാൻ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ രക്തസാമ്പിളുകൾ മെഡിക്കൽ പരിശോധനയ്ക്കായി എടുത്തു.
കേസിലെ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നും 304 വകുപ്പ് പ്രകാരമുള്ള നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. ഇയാൾക്കെതിരെ ഐപിസിയിലെയും മോട്ടോർ വാഹന നിയമത്തിലെയും മറ്റ് വകുപ്പുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനും കുട്ടിയ്ക്ക് മദ്യം നൽകിയ ബാറുകൾക്കുമെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പ്രതി അടുത്തിടെ പ്ലസ്ടു പരീക്ഷ പാസായെന്നും സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരു റെസ്റ്റോറൻ്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ അനീഷും അശ്വിനിയും റോഡിൽ തെറിച്ചുവീണു മരിച്ചു.
പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാർ കാറോടിച്ചിരുന്ന കുട്ടിയെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 'അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. പൊലീസുമായി സഹകരിക്കുന്നത് തുടരും. കോടതിയുടെ കർശന വ്യവസ്ഥകൾ പാലിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നത് തുടരുകയും അന്വേഷണത്തിൻ്റെ ഫലത്തിനായി കാത്തിരിക്കുകയും ചെയ്യുമെന്ന്' പ്രതിഭാഗം അഭിഭാഷകൻ പാട്ടീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |