SignIn
Kerala Kaumudi Online
Friday, 14 June 2024 1.51 PM IST

പിടി വീണാൽ പിഴത്തുക ഇരട്ടി: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് 65,432 പരിശോധനകൾ, ഈടാക്കിയത് നാല് കോടി

kerala-

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളിൽ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി. കർശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്.

10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. 37,763 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വർഷം 982 അഡ്ജ്യൂഡിക്കേഷൻ കേസുകളാണ് ഫയൽ ചെയ്തത്. 760 പ്രോസിക്യൂഷൻ കേസുകളും ഫയൽ ചെയ്തു. 7343 റെക്ടിഫിക്കേഷൻ നോട്ടീസുകളും 9642 കോമ്പൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നൽകി. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനകൾ തുടർന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഷവർമ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളിൽ മാത്രം 6531 പരിശോധനകൾ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 85,62,600 രൂപ പിഴ ഈടാക്കി.

സമഗ്രമായ പരിശോധനകൾ നടത്തുന്നതിനായി വകുപ്പിൽ രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ 448 സ്ഥാപനങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം പരിശോധനകൾ നടത്തി. സ്‌കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും മെഡിക്കൽ കോളേജ് കാന്റീനുകൾ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകൾ പരിശോധിച്ചു. സ്‌കൂൾ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളിൽ നിന്നും 721 സാമ്പിളുകൾ ശേഖരിച്ച് തുടർ പരിശോധനകൾക്കായി കൈമാറി. ഏലയ്ക്ക, ശർക്കര തുടങ്ങിയ നിർമ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്‌പെഷൽ സ്‌ക്വാഡ് പരിശോധിച്ചു. ഷവർമ്മ നിർമ്മാണ വിതരണ ക്രേന്ദ്രങ്ങളിൽ 589 പരിശോധനകളും സ്‌പെഷൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനാൽ 60 സ്ഥാപനങ്ങളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി വയ്പിച്ചു.

ഭക്ഷണ നിർമ്മാണ വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 21,758 വ്യക്തികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഫോസ്ടാക് പരിശീലനം നൽകി. ഇതുവഴി ഭക്ഷണം പാചകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജീവനക്കാർക്ക് നൽകാൻ സാധിച്ചു.

ഉപയോഗിച്ച എണ്ണ ശേഖരിച്ച് പുനരുപയോഗം നടത്തുന്ന റൂകോ പദ്ധതിയിലൂടെ 9,60,605 ലിറ്റർ ഉപയോഗിച്ച എണ്ണ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ശേഖരിച്ചു കൈമാറി. ഈ വർഷം ഇത് വർധിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ 38 ആരാധനാലയങ്ങൾക്ക് ഈറ്റ് റൈറ്റ് പ്ലേസ് ഓഫ് വർഷിപ്പ് സർട്ടിഫിക്കറ്റ് നൽകി. 20 കേന്ദ്രങ്ങൾക്ക് ക്ലീൻ ഫ്രൂട്ട് ആന്റ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരം നൽകി. ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് 23 റയിൽവേ സ്റ്റേഷനുകൾ നേടി. 2331 സ്ഥാപനങ്ങൾ ഹൈജീൻ റേറ്റിംഗും 182 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈറ്റ് റൈറ്റ് സ്‌കൂൾ ആന്റ് കാംപസ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി. സ്ഥാപനങ്ങളുടെ ലൈസൻസ് ഉറപ്പുവരുത്തുന്നതിനായി നടത്തിയ ഫോസ് കോസ് ഡ്രൈവിൽ 10,545 പരിശോധനകളാണ് നടത്തിയത്. 22,525 സ്ഥാപനങ്ങളാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നേടിയത്.

ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ മത്സ്യയിലൂടെ 5276 പരിശോധനകളാണ് പൂർത്തിയാക്കിയത്. മോശമായ 7212 കിലോ മത്സ്യം നശിപ്പിച്ചു. 2,58,000 രൂപ വിവിധ കാരണങ്ങളാൽ പിഴ ഈടാക്കി. ഭക്ഷണ പാക്കറ്റുകളിൽ ലേബൽ പതിക്കുന്നത് നിർബന്ധമാക്കുകയും ഇത് ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ ലേബലിൽ 791 പരിശോധനകൾ പൂർത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് മാത്രം 122 അഡ്ജ്യൂഡിക്കേഷൻ കേസുകൾ ഫയൽ ചെയ്തു. ഇതോടൊപ്പം ഓണം, ക്രിസ്തുമസ്, ന്യൂ ഇയർ പ്രമാണിച്ച് ചെക്ക് പോസ്റ്റുകളിൽ ഉൾപ്പടെ സ്‌പെഷ്യൽ പരിശോധനകളും വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.