അഹമ്മദാബാദ്: ഐ.പി.എൽ പതിനേഴാം സീസണിൽ വിസ്മയ പ്രകടനവുമായി പ്ലേ ഓഫിൽ എത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഇന്നലെ നടന്ന എലിമനേറ്ററിൽ 4 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് കിരീട പ്രതീക്ഷ നിലനിറുത്തി. ജയത്തോടെ രാജസ്ഥാൻ നാളെ നടക്കുന്ന ക്വാളിഫയർ 2വിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ യോഗ്യത നേടി. ആറ് തുടർവിജയങ്ങളുമായി പ്ലേഓഫിൽ എത്തിയ ബംഗളൂരു ഇന്നലത്തെ തോൽവിയോടെ പുറത്തായി. 17-ാം സീസണിലും കപ്പില്ലാതെ മടക്കം. അതേസമയം തുടർ തോൽവികളിൽപ്പെട്ട സഞ്ജുവിന്റെ രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാൻ ഒരോവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (174/6).
യശ്വസി ജയ്സ്വാൾ (30 പന്തിൽ 45), റിയാൻ പരാഗ് (36), ഇംപാക്ട് പ്ലെയർ ഹെറ്റ്‌മെയർ (26) എന്നിവർ രാജസ്ഥാനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഫീൽഡിംഗിൽ ക്യാച്ചുകൾ കൈവിട്ടത് ആർ.സി.ബിയുടെ തോൽവിയിൽ നിർണായകമായി.
യശ്വസിയും കാഡ്മോറും (20) നല്ല തുടക്കമാണ് രാജസ്ഥാന് നൽകിയത്. കാഡ്മോറിനെ പുറത്താക്കി ഫെർഗുസൻ കൂട്ടുകെട്ട് )പൊളിച്ചു. പിന്നീട് യശ്വസിയും ക്യാപ്ടൻ സഞ്‌ജുവും (17), ജുറലും (8) അടുത്തടുത്ത പുറത്തായെങ്കിലും പിന്നീട് പരാഗും ഹെറ്റിയും 25 പന്തിൽ 45 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രാജസ്ഥാനെ രക്ഷിച്ചു. വിജയലക്ഷ്യത്തിനടുത്ത് വച്ച് ഇരുവരേയും സിറാജ് 18-ാം ഓവറിൽ പുറത്താക്കിയെങ്കിലും ഫെർഗുസൻ എറിഞ്ഞ അടുത്ത ഓവറിൽ 2 ഫോറും 1 സിക്സും അടിച്ച് റോവ്മാൻ പവൽ (പുറത്താകാതെ 8പന്തിൽ 16) രാജസ്ഥാന്റ വിജയമുറപ്പിച്ചു.
നേരത്തേ ബംഗളൂരുവിന് വിരാട് കൊഹ്ലി (24 പന്തിൽ 33), രജത് പട്ടീദാർ (22 പന്തിൽ 34), മഹിപാൽ ലോം റോർ (17പന്തിൽ 32), കാമറൂൺ ഗ്രീൻ എന്നിവർ ബാറ്റുകൊണ്ട് നിർണായക സംഭാവന നൽകി. പവർപ്ലേയിൽ കൃത്യതയോടെ പന്തെറിഞ്ഞ ട്രെൻഡ് ബോൾട്ട് ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രമാണ് വഴങ്ങിയത്. പവർപ്ലേയിൽ ബോൾട്ടിന് മൂന്ന് ഓവർ നൽകിയ രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺന്റെ തീരുമാനം ഫലം കണ്ടു. അഞ്ചാം ഓവറിൽ ബംഗളൂരു ക്യാപ്ടൻ ഫാഫിനെ (17) റോവ്മാൻ പവലിന്റെ കൈയിൽ എത്തിച്ച് ബോൾട്ട് രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. പവർപ്ലേയിൽ 3 ഓവറിൽ ബോൾട്ട് വഴങ്ങിയത് 6 റൺസ് മാത്രം. കൊഹ്ലിയെ ചഹലിനെ കൊണ്ടു വന്ന് സഞ്ജു മടക്കി. തുടർന്ന് ഗ്രീനിനേയും, മാക്സ്വെല്ലിനേയും (0) അശ്വിൻ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. പവൽ 4 ക്യാച്ചുകളെടുത്തു.
രാജസ്ഥാനായി ആവേശ് മൂന്നും അശ്വിൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |