തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് തലസ്ഥാന ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ അത്ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തെ തുടർന്നാണ് മഴ കനക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായേക്കും. ചുഴലിക്കാറ്റ് കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ഇത് കാരണമാകും.
അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നുപേർ കൂടി മരിച്ചു. ഇതുവരെ വിവിധ ജില്ലകളിലായി 30 വീടുകൾ ഭാഗികമായി തകർന്നു. ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 61 കുടുംബങ്ങളിലെ 201പേരെ മാറ്റി പാർപ്പിച്ചു. തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ രണ്ടുവീടുകൾ തകർന്നു. തൃശൂർ നഗരത്തിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മരംവീണു. ആലപ്പുഴയിൽ നാല് വീടുകൾ ഭാഗികമായി തകർന്നു.
കോട്ടയം പാലായിൽ ചെക്ക് ഡാം തുറക്കുന്നതിനിടെ കരൂർ ഉറുമ്പിൽ ജോസഫ് സ്കറിയ (രാജു -53) മുങ്ങിമരിച്ചു. വെള്ളത്തിൽ നിന്നുകൊണ്ട് ചെക്ക് ഡാമിന്റെ പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ കൈകുടുങ്ങി വെള്ളത്തിൽ മുങ്ങുകയായിരുന്നു. കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ 21ന് കാണാതായ നീണ്ടകര സൂര്യമംഗലം വീട്ടിൽ ഓൾവിന്റെ (സെബാസ്റ്റ്യൻ റീഗൻ, 44 ) മൃതദേഹം കണ്ടെത്തി. കാസർകോട് ബന്തടുക്കയിൽ ഓടയിൽ വീണ് വർക്ഷോപ്പ് ഉടമ മംഗലത്ത് ഹൗസിൽ രതീഷ് (42) മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |