SignIn
Kerala Kaumudi Online
Thursday, 17 September 2026 5.52 AM IST

യൂക്കാലിക്ക് പകരമുള്ളവയോട് പ്രീതി​യി​ല്ലാതെ വനംവകുപ്പ്

READ ENGLISH VERSION
p

തിരുവനന്തപുരം: പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന യൂക്കാലി, അക്കേഷ്യ എന്നിവ അടക്കമുള്ള അധിനിവേശ സസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും പകരം സസ്യങ്ങൾ നട്ടുവളർത്തുന്ന കാര്യത്തിൽ മെല്ലെപ്പോക്കുമായി വനംവകുപ്പ്.

യൂക്കാലി,​ അക്കേഷ്യ മരങ്ങൾക്ക് പകരമായി പൾപ്പ് വുഡിന് ഉപയോഗിക്കാൻ കഴിയുന്ന മരങ്ങളേതെന്ന് കണ്ടെത്താത്തതും വൃക്ഷത്തൈകൾ മതിയായ രീതിയിൽ ഉത്പാദിപ്പിക്കാത്തതുമാണ് തടസമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.

യൂക്കാലിക്ക് പകരം നിർദ്ദേശിക്കുന്ന മരങ്ങൾ ഉത്പാദിപ്പിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് നിലനിൽപ്പുണ്ടാവില്ലെന്നാണ് കെ.എഫ്.ഡി.സിയുടെ വാദം. മുള, ഈറ്റ തുടങ്ങിയവ പൾപ്പിനായി എടുക്കുന്നുണ്ടെങ്കിലും ഇവ മതിയായ രീതിയിൽ ലഭിക്കാറില്ല. ഇത്തരം മരങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് ചെലവ് ഏറെയാണെന്നും പറയുന്നു.

നയത്തിൽ നിർദേശിച്ച മരങ്ങൾ

സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന് ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾക്ക് അനുസൃതമായുള്ള വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുമെന്നാണ് 2021ലെ വനം നയത്തിൽ പറയുന്നത്.

 ചെമ്മണ്ണ്, വെട്ടുകല്ല് പ്രദേശം: ഇരുൾ, കരിമരുത്, മാവ്, പ്ലാവ്, ഞാവൽ, കാഞ്ഞിരം, അത്തി, ആൽ

എക്കൽ നിറഞ്ഞ സമുദ്രതീരം: പൂവരശ്, വാക, തെങ്ങ്, വേലിപ്പരുത്തി, കുടംപുളി

പുഴ- നദി തീരം: മുള, ഈറ്റ, നാങ്ക്, വെൺകട്ട, വെട്ടി, പുന്ന, കാര, അമ്പഴം, വെൺതേക്ക്, കിളിമരം, അത്തി, പൂവം, ആറ്റുവഞ്ചി

സമതലപ്രദേശം: അശോകം, ആര്യവേപ്പ്, കുടംപുളി, പതിമുകം, മന്ദാരം, കണിക്കൊന്ന, മുള, പേര, അയണി, ചരൽപ്പഴം, എബണി, കുടപ്പന, കിളിനാങ്ക്

വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശം: മണിമരുത്, നീർമരുത്, ഉങ്ങ്, ചോലവേങ്ങ, ഞാവൽ, പമ്പരക്കുമ്പിൾ, കടമ്പ്

ഉയരംകൂടിയ പ്രദേശം: മഴുകാഞ്ഞിരം,​ ഈട്ടി. കുളമാവ്,​ വാലി,​ മരോട്ടി,​ വയണ,​ ചോലപ്പൂവം,​ പൂശിപ്പഴം,​ വലിയ വെള്ളപ്പൈൻ,​ ചെങ്കുറിഞ്ഞി,​ എണ്ണപ്പൈൻ,​ കുന്തിരിക്കം,​ നിറമ്പാലി,​ കൊണ്ടപ്പന

യൂക്കാലി : അനുമതി തേടിയത്

മന്ത്രിയുടെ യോഗത്തിനു ശേഷം

വനം നയത്തിനു വിരുദ്ധമായി യൂക്കാലി നടാൻ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി) അനുമതി തേടിയത് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണെന്ന് റിപ്പോർട്ടുകൾ. കെ.എഫ്.ഡി.സിയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 2023 സെപ്തംബർ 19നായിരുന്നു യോഗം. അഡി. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡി. ജയപ്രസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇതോടെ, യൂക്കാലി നടാൻ കെ.എഫ്.ഡി.സി എം.ഡി ജോർജി പി. മാത്തച്ചൻ അനുമതി തേടിയത് മന്ത്രിയും അധികൃതരും അറിയാതെയാണെന്ന വനംവകുപ്പിന്റെ വാദം പൊളിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST DEPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA