തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ കാമ്പസിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു ഇവിടെ യൂണിറ്റ് രൂപീകരിക്കുന്നത്. അമൽ ചന്ദ്രനാണ് പ്രസിഡന്റ്.
ആര്യ (വൈസ് പ്രസിഡന്റ്), അച്യുത് .എസ് (സെക്രട്ടറി) ,ഐശ്വര്യ ജോസഫ് (ജോയിന്റ് സെക്രട്ടറി) ,അമൽ (ട്രഷറർ), ഗോപൻ .പി.എം, ഇഷാൻ .എം (എക്സിക്യൂട്ടിവ് മെമ്പർ) എന്നിവരാണ് യൂണിറ്റ് കമ്മിറ്റിയിലുള്ള മറ്റുള്ളവർ. യൂണിറ്റ് രൂപീകരിച്ച ശേഷം കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. വിദ്യാർത്ഥികളായ കമ്മിറ്റി അംഗങ്ങളെ മാത്രമാണ് കോളേജിനകത്ത് പ്രവേശിപ്പിച്ചത്.
ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജിൽ യൂണിറ്റ് ഉണ്ടായിരുന്നത്. ഇന്നത്തെ എസ്.എഫ്.ഐയെപ്പോലെ ഒരുകാലത്ത് കെ.എസ്.യു ആധിപത്യമുണ്ടായിരുന്ന കോളേജാണ് യൂണിവേഴ്സിറ്റി കോളേജ്. എന്നാൽ കെ.എസ്.യുവിലെ ഗ്രൂപ്പ് കളിയാണ് കോളേജിൽ അന്യം നിൽക്കാൻ കാരണമെന്ന് കെ.എസ്.യു നേതാക്കൾ തന്നെ പറയുന്നു.
യൂണിറ്റ് അംഗങ്ങൾ കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ടു. കോളേജിനുള്ളിൽ കൊടിമരം സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായങ്ങളും ആവശ്യപ്പെട്ടു. എസ്.എഫ്.ഐ യൂണിറ്റിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഒപ്പം നിറുത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |