കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടരുന്നു. ഇന്നലെ വൈകിട്ട് ആരംഭിച്ച ധ്യാനം നാളെ ഉച്ചയോടെയാണ് അവസാനിക്കുക. കാവി വസ്ത്രത്തിൽ ധ്യാനനിരതനായിരിക്കുന്ന മോദിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
സ്വാമി വിവേകാനന്ദൻ 131വർഷം മുമ്പ് അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ധ്യാനത്തിൽ ലയിച്ച ശ്രീപാദപാറയ്‌ക്ക് സമീപമുള്ള പാറയിലെ മണ്ഡപത്തിലാണ് മോദിയുടെ ധ്യാനം. ഇന്നലെ രാത്രി വെറും ചൂടുവെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചത്.
ധ്യാനമിരിക്കാൻ പ്രത്യേകം മുറി ഒരുക്കിയിരുന്നു. എന്നാൽ അത് മോദി ഉപയോഗിച്ചില്ല. ഇന്നലെ രാത്രി മുഴുവൻ ധ്യാനമണ്ഡപത്തിലായിരുന്നു അദ്ദേഹം. സൂര്യോദയം കൺകുളിർക്കെ കണ്ടു. തുടർന്ന് പ്രാർത്ഥനയിലേക്ക് കടന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കന്യാകുമാരി വൻ സുരക്ഷാ വലയത്തിലാണ്. കരയിൽ മാത്രം രണ്ടായിരത്തിലധികം പൊലീസുകാരാണ് കാവലിനുള്ളത്. കൂടാതെ നാവികസേനയുടെ ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നുണ്ട്.
കന്യാകുമാരിയിലേക്ക് പോകാനായി ഇന്നലെ വൈകിട്ട് 4.20 ന് വ്യോമസേനാ വിമാനത്തിലാണ് മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് 4.55ന് ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പോയി. 5.25ന് കന്യാകുമാരി സർക്കാർ ഗസ്റ്റ് ഹൗസിന് സമീപത്തെ ഹെലിപ്പാഡിൽ ഇറങ്ങി.
ഗസ്റ്റ് ഹൗസിൽ പോയി ധോത്തിയും ഷാളും അണിഞ്ഞ് ത്രിവേണി സംഗമത്തിനടുത്തുള്ള ഭഗവതി അമ്മൻ കോവിലിലെത്തി. പൂജാരി തളികയും ആരതിയുമായി മോദിയെ സ്വീകരിച്ചു. തുടർന്ന് പൂജയും അർച്ചനയും നടത്തി. മോദിക്ക് ക്ഷേത്ര അധികൃതർ ദേവിയുടെ ചിത്രം സമ്മാനിച്ചിരുന്നു. പിന്നീട് സുരക്ഷാ ബോട്ടുകളിൽ വിവേകാനന്ദപാറയിലേക്ക് പോയി.
സന്ധ്യാവന്ദനത്തിന് ശേഷം ധ്യാനം തുടങ്ങി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സന്ദർശകർക്ക് രണ്ട് ദിവസം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ കടകളുടെ പ്രവർത്തിന് നിയന്ത്രണമുണ്ട്.
അവസാനവട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന് വൈകിട്ട് മൂന്നേകാലോടെ ധ്യാനം സമാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമായിരുന്നു ഇന്നലെ.
2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു. രണ്ട് തവണയും ഉത്തരാഖണ്ഡിൽ ആയിരുന്നു ധ്യാനം. 2014 ൽ പ്രതാപ്ഗഡിലും 2019 ൽ കേദാർനാഥിലെ രുദ്ര ഗുഹയിലുമായിരുന്നു മോദിയുടെ ധ്യാനം.
അതേസമയം, മോദിയുടെ ധ്യാനം മറ്റൊരു തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.സി.സി ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |