പത്തനംതിട്ട : തൃശൂരിലേത് പോലെ ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ട് സ്ഥാനാർത്ഥിയെ നിശ്ചയിച്ച ലോക്സഭാ മണ്ഡലമായിരുന്നു പത്തനംതിട്ട. മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെയാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായി ബി.ജെ.പി രംഗത്തിറക്കിയത്. പത്തനംതിട്ടയിലെ ക്രിസ്ത്യൻ വോട്ടുകളിലായിരുന്നു ബി.ജെ.പിയുടെ കണ്ണ്. എന്നാൽ കെ. സുരേന്ദ്രന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടു പോലും ഇക്കുറി അനിൽ ആന്റണിക്ക് ലഭിച്ചില്ല. കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 2,97,396 വോട്ട് നേടിയെങ്കിൽ അനിൽ ആന്റണിക്ക് ഇത്തവണ 2,34,406 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.
സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിക്കെതിരെ എൽ.ഡി.എഫ് മുൻമന്ത്രി തോമസ് ഐസകിനെ നിറുത്തിയത് ബി.ജെ.പിക്ക് മറ്റൊരു പ്രഹരമായി. പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ പി.സി. ജോർജ് ആദ്യം മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അനിൽ ആന്റണിയെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത് ജോർജിന്റെ പ്രതീക്ഷകൾ തകർത്തിരുന്നു.
എന്നാൽ നേതൃത്വത്തിന്റെ ഇടപെടലിൽ അയഞ്ഞ ജോർജ് അനിൽ ആന്റണിക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും. എന്നാൽ ഇത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചില്ല എന്നു വേണം കരുതാൻ. പി.സി ഫാക്ടർ അനിലിനെ തുണച്ചോ എന്ന് ഇനിയുള്ള വിലയിരുത്തലിൽ മാത്രമേ വ്യക്തമാകൂ. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എത്തി അനിൽ ആന്റണിക്കായി പ്രചാരണം കൊഴുപ്പിച്ചെങ്കിലും വിജയിക്കാനോ വോട്ടുകൾ കൂടുതൽ നേടാനോ കഴിഞ്ഞില്ല. മോദി പ്രചാരണത്തിനെത്തിയതിന് പിന്നാലെ വിജയം ഉറപ്പിച്ച നിലയിലുള്ള അനിൽ ആന്റണിയുടെ പ്രതികരണങ്ങളും തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |