കൊല്ലം: വോട്ടെണ്ണൽ ദിവസം വില്പനയ്ക്കായി സൂക്ഷിച്ച 46 ലിറ്റർ വിദേശ മദ്യവുമായി പള്ളിത്തോട്ടം സ്വദേശി പത്തര ജോയി എന്ന ഫെലിക്സ് ജോയിയെ (42) എക്സൈസ് സംഘം പിടികൂടി. മത്സ്യബന്ധന തൊഴിലാളികളുടെ ചൂണ്ടയും വലകളും മറ്റും സൂക്ഷിക്കുന്ന, ഫിഷറീസ് വകുപ്പിന്റെ പള്ളിത്തോട്ടത്തെ ലോക്കർ റൂമിൽ നിന്നാണ് മദ്യശേഖരം പിടിച്ചെടുത്തത്.
ഫെലിക്സ് ലോക്കർ റൂം കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നതായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആർ. രതീഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇന്നലെ രാവിലെ ഫെലിക്സിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തു. ഇതിനിടെ, ബൈക്കിന്റെ താക്കോലിനൊപ്പം സൂക്ഷിച്ചിരുന്ന, ലോക്കർ റൂം താക്കോൽ കണ്ടെത്തി. തുടർന്ന് ലോക്കർ റൂം തുറന്നപ്പോഴാണ് ഒ.പി.ആറിന്റെ ഒരു ലിറ്ററിന്റെ 46 മദ്യക്കുപ്പികൾ കണ്ടെത്തിയത്. പലപ്പോഴായി ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിസൂക്ഷിച്ച മദ്യം ലിറ്ററിന് ഇരുനൂറ് രൂപ വരെ അധികം വാങ്ങിയാണ് ഫെലിക്സ് വിറ്റിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. അര ലിറ്ററിന്റെ കുപ്പികളിലാക്കിയും വിറ്റിരുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) വിനയകുമാർ, ബിനുലാൽ, പ്രിവന്റീവ് ഓഫീസർ വിഷ്ണുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജ്യോതി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രീസ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |