വിജയവാഡ: എൻ.ഡി.എ ഉജ്ജ്വല വിജയം നേടിയ ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായും ജനസേന പാർട്ടി അദ്ധ്യക്ഷനും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായും 9ന് സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭയിൽ ആരൊക്കെവേണമെന്ന് ഇന്ന് തീരുമാനിക്കും. ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷ് മന്ത്രിയാകുമെന്ന് തെലുങ്കുദേശം പാർട്ടി നേതാക്കൾ സൂചിപ്പിച്ചു. എൻ.ടി.ആറിന്റെ മകനും സൂപ്പർതാരവും ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമായ നന്ദമൂരി ബാലകൃഷ്ണ ഹിന്ദുപ്പൂരിൽ വീണ്ടും വിജയിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനും മന്ത്രിസ്ഥാനം നൽകിയേക്കും.
70,279 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പവൻകല്യാൺ പിത്തപുരം മണ്ഡലത്തിൽ വിജയിച്ചത്. മത്സരിച്ച 21 നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ജനസേന വിജയിച്ചു. പവന്റെ സഹോദരനും സൂപ്പർതാരവുമായ ചിരഞ്ജീവി ഉൾപ്പെടെയുള്ള താരങ്ങൾ എൻ.ഡി.എക്കു വേണ്ടി രംഗത്തിറങ്ങിയത് നായിഡുവിനും സംഘത്തിനും നേട്ടമായിരുന്നു. ടി.ഡി.പിയെ എൻ.ഡി.എയിൽ എത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതും പവനായിരുന്നു. ജനസേന പാർട്ടിക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനവും കിട്ടിയേക്കും.
തിരഞ്ഞെടുപ്പിൽ വിജയിച്ച പവനെ ഭാര്യ അന്ന ലെനേവ ആരതി ഉഴിയുന്ന വീഡിയോ വൈറലായിരുന്നു. റഷ്യക്കാരിയാണ് അന്ന.
ജ്യേഷ്ഠനെ പിന്തുടർന്ന് രാഷ്ട്രീയത്തിൽ
മൂത്ത സഹോദരൻ ചിരഞ്ജിവി സ്ഥാപിച്ച പ്രജാരാജ്യം പാർട്ടിയുടെ യുവജന വിഭാഗമായ യുവരാജ്യത്തിന്റെ പ്രസിഡന്റായി 2008ലാണ് പവൻ കല്യാൺ രാഷ്ട്രീയത്തിൽ വന്നത്. 2009ലെ തിരഞ്ഞെടുപ്പിൽ, ആന്ധ്രാ നിയമസഭയിലെ 294 സീറ്റുകളിൽ 18 സീറ്റുകൾ പ്രജാരാജ്യം നേടിയിരുന്നു.
2011 ഫെബ്രുവരി 6ന് സോണിയാഗാന്ധിയുമായുള്ള ചർച്ചയെ തുടർന്ന് ചിരഞ്ജീവി 30 മാസം പഴക്കമുള്ള പ്രജാരാജ്യം പാർട്ടിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിപ്പിച്ചു.2012 മാർച്ച് 29ന് രാജ്യസഭയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിയായി. പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. പുതിയ രാഷ്ട്രീയ പാർട്ടിയുമായി പവൻ കഴിഞ്ഞ തവണ മത്സരിക്കാനിറങ്ങിയപ്പോൾ ചിരഞ്ജീവി മൗനം പാലിച്ചിരുന്നു.
'' പ്രിയ സഹോദരൻ പവൻ കല്യാൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ ദൃഢമായി പരിശ്രമിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.''- ചിരഞ്ജീവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |