ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച മാർച്ച് 16മുതലാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ലെജിസ്ളേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം തുടരുമെന്നും കമ്മിഷൻ അറിയിച്ചു.
കമ്മിഷനെ വിമർശിച്ച ഡെപ്യൂട്ടി
തഹസീൽദാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഇലക്ഷൻ കമ്മിഷനെയും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറെയും സോഷ്യൽ മീഡിയയിൽ വിമർശിച്ചതിന് ഇടുക്കി നെടുങ്കണ്ടം ആർ.ആർ ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ സിമിയെ സസ്പെൻഡ് ചെയ്തു. ഇലക്ഷൻ കമ്മിഷന്റേതാണ് നടപടി. ഇവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും ജില്ലാ കളക്ടറോട് കമ്മിഷൻ നിർദ്ദേശിച്ചു. പോളിംഗ് വൈകിയതിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് കാരണമായെന്ന സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ പരാമർശത്തിനെതിരെയാണ് സിമി സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. 'മെഷീൻ പണിമുടക്കിയെങ്കിൽ അത് ആരുടെ പരിചയക്കുറവ്, ആവശ്യത്തിന് എൻജിനിയർമാരുണ്ടായിരുന്നോ, ഇല്ലായെങ്കിൽ ആരുടെ പരിചയക്കുറവ്. ബൂത്ത് ഒഫിഷ്യൽസിനെല്ലാം വോട്ടിംഗ് മെഷീൻ ഒരാഴ്ച വീട്ടിൽ കൊടുത്തുവിട്ടിരുന്നെങ്കിൽ പരിചയം കൂട്ടാമായിരുന്നു. ഇത് എന്തു പറച്ചിലാണ് സാറെ. ഏറ്റവും സുതാര്യമായ ഒരു ജനാധിപത്യ പ്രക്രിയയെ ഇത്രയും സങ്കീർണ്ണമാക്കി ഉദ്യോഗസ്ഥരെ വലയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല. ഐ.എ.എസുകാർ പറയുന്നതെല്ലാം ശരിയാണെന്നുണ്ടോ. ക്രെഡിറ്റ് വന്നാൽ ഏറ്റെടുക്കുകയും കുറ്റങ്ങളൊക്കെ താഴേക്ക് തട്ടുന്നതും സ്ഥിരം രീതിയാണല്ലോ' എന്നായിരുന്നു കുറിപ്പ്.
തദ്ദേശ തിരഞ്ഞെടുപ്പ്
വോട്ടർ പട്ടിക ജൂലായ് 1ന്
തിരുവനന്തപുരം:അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയതായും ജൂലായ് ഒന്നിന് മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടിക പുറത്തിറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. 2024 ജനുവരി ഒന്നിനോ മുൻപോ 18 വയസ് തികഞ്ഞവർക്ക് ജൂൺ 21വരെ പേര് ചേർക്കാം. പേരു ചേർക്കാനും, തിരുത്താനും, സ്ഥാനമാറ്റം വരുത്താനും വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അക്ഷയ സെന്റർ തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. അതിൽ പറഞ്ഞ തീയതിയിൽ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡിഷണൽ സെക്രട്ടറിയുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |