ന്യൂഡൽഹി: ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു. നാളെ ഡൽഹിയിലെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രന് ഉയർന്ന പദവി നൽകാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്നാണ് വിവരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ശോഭ സുരേന്ദ്രന് സംസ്ഥാന അദ്ധ്യക്ഷ പദവി നൽകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രൻ കാഴ്‌ചവച്ചത്. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടു വിഹിതം കുത്തനെ ഉയർത്തുന്ന ശോഭാ മാജിക് ഇക്കുറി ആലപ്പുഴയിലും ആവർത്തിച്ചു. കഴിഞ്ഞ തവണ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നേടിയ 17.24 ശതമാനം വോട്ടുവിഹിതത്തെ ഇത്തവണ 28.3 ശതമാനത്തിലേക്കാണ് ശോഭ ഉയർത്തിയത്. 2,99,648 വോട്ടുകളാണ് ആലപ്പുഴയിൽ ശോഭ നേടിയത്.
അമ്പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾ നേടിയിരുന്ന പതിവിൽ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബിജെപി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്. എസ്‌എൻഡിപി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാർത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിന്റെ വിജയത്തോളം തന്നെ അഭിമാനകരമാണ് എൻഡിഎയ്ക്ക് ആലപ്പുഴ മണ്ഡലത്തിലുണ്ടായ മുന്നേറ്റവും. കോൺഗ്രസിന്റെ കെ സി വേണുഗോപാൽ 4,04,560 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ എ എം ആരിഫ് 3,41,047 വോട്ടും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |