മലയാളത്തിലടക്കം നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഡൽഹി ഗണേഷ് വിടവാങ്ങിയെന്ന വാർത്ത തെന്നിന്ത്യൻ സിനിമ പ്രേമികൾ ഞെട്ടലോടെയായിരിക്കും കേട്ടിട്ടുണ്ടാകുക. ഏറെ നാളായി അസുഖബാധിതനായ അദ്ദേഹം ചെന്നൈയിൽ വച്ചായിരുന്നു ലോകത്തോട് വിട പറഞ്ഞത്. വർഷങ്ങൾ നീണ്ട കലാ ജീവിതത്തിനിടെ 400ഓളം സിനിമകളിൽ വേഷമിട്ട ഗണേഷ് മലയാളത്തിലെ സുപ്രധാന നടന്മാരോടൊപ്പവും അഭിനയിച്ചു.
1976ൽ പുറത്തിറങ്ങിയ 'പട്ടിനപ്രവേശം' എന്ന ചിത്രത്തിലൂടെയാണ് ഡൽഹി ഗണേഷ് സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. അതിന് മുമ്പ് ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്നു ഗണേഷ്. സിനിമയോടുള്ള അതിയായ ഇഷ്ടം കൊണ്ട് വ്യോമസേനയിലെ ജോലി പത്ത് വർഷത്തെ സേവനത്തോടെ മതിയാക്കി. 1964ന് വ്യോമസേനയിൽ ചേർന്ന ഗണേഷ് 1974ൽ സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. സിനിമയിൽ വരുന്നതിന് മുമ്പ് ഗണേഷ് ഡൽഹിയിലെ ദക്ഷിണ ഭാരത് നാടക സഭ എന്ന ട്രൂപ്പിൽ ചേർന്നു പ്രവർത്തിച്ചു. അന്ന് പ്രമുഖ സംവിധായകൻ ബാലചന്ദറാണ് അദ്ദേഹത്തെ 'ഡൽഹി ഗണേഷ്' എന്ന പേര് വിളിച്ച് വിശേഷിപ്പിച്ചത്.
നായകനായും വില്ലനായും തിളങ്ങാൻ അവസരം ലഭിച്ച ഗണേഷ് ആദ്യമായി നായകനായി അഭിനയിച്ചത് 1981ൽ പുറത്തിറങ്ങിയ 'എങ്കമ്മ മഹാറാണി' എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് 'അപൂർവ്വ ഭ്രാന്തനാൽ' എന്ന സിനിമയിൽ വില്ലനായും വേഷമിട്ടു. സിനിമകൾക്ക് പുറമെ നിരവധി ഷോർട്ട് ഫിലിമുകളുലും സീരിയലുകളിലും അദ്ദേഹം തിളങ്ങി. നായകൻ (1987), മൈക്കൽ മദന കാമ രാജൻ (1990) എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷമിട്ടു. അപൂർവ സഗോദരങ്ങൾ (1989), ആഹാ..! (1997), തെനാലി (2000), എങ്കമ്മ മഹാറാണി (1981), ധ്രുവങ്ങൾ പത്തിനാറു (2016) എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
1979ൽ 'പാസി'യിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പുരസ്‌കാരം നേടിയിരുന്നു. 1994ൽ കലാരംഗത്തെ മികവിന് കലൈമാമണി പുരസ്‌കാരം ലഭിച്ചു. മലയാളത്തിൽ മോഹൻലാലിനൊപ്പം ദേവാസുരത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ ഗണേഷിന് സാധിച്ചു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം സുപ്രധാന കഥാപാത്രങ്ങളിൽ എത്തി. കമലഹാസൻ നായകനായി എത്തിയ 'ഇന്ത്യൻ 2' ആയിരുന്നു അവസാന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |