ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ എത്തിയ കാർ പരിശോധിക്കാനായി പിൻസീറ്റിൽ കയറിയ ഉദ്യോഗസ്ഥനെ വാതിൽ ലോക്ക് ചെയ്ത് കാറിൽ തട്ടിക്കൊണ്ടുപോയി മൂന്ന് കലോമീറ്ററിനപ്പുറം ഇറക്കി വിട്ടു. ഇദ്ദേഹത്തിന്റെ കൂടെ വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിത്തെറിപ്പിച്ച ശേഷമാണ് ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്ന ആൾ എക്‌സൈസ് ഉദ്യോഗസ്ഥൻ ഷാജി അളൊക്കനെയും കൊണ്ട് വാഹനം ഓടിച്ചു പോയത്. കാറിൽ ഡ്രൈവർ ഒഴികെ മാറ്റാരും ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. കർണാടക ഭാഗത്തുനിന്നും വന്ന കെ.എൽ 45 എം 6300 നമ്പർ വെള്ള സ്വിഫ്റ്റ് മാരുതി കാർ കൈകാണിച്ചു നിർത്തി പരിശോധിക്കുന്നതിനിടയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ.ഷാജിയെ തട്ടിത്തെറിപ്പിക്കുകയും ഷാജി അളൊക്കനെയും കൊണ്ട് കാർ അമിത വേഗതയിൽ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് മൂന്ന് കിലോമീറ്ററിനപ്പുറം കിളിയന്തറ ഭാഗത്ത് ഷാജിയെ റോഡരികിൽ ഇറക്കി വിട്ട് കാർ ഓടിച്ചു പോയി. സംഭവമറിഞ്ഞ് എക്‌സൈസ് ഉദ്യോഗസംഘവും കാറിനു പുറകെ വാഹനവുമായി പോവുകയും ചെയ്തു. ഉടൻ തന്നെ ഇരിട്ടി പൊലീസിലും എക്‌സൈസിന്റെ സ്‌ട്രൈക്കർ ഫോഴ്സിലും വിവരമറിയിച്ചെങ്കിലും വാഹനം പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിനിടയിൽ പരിക്കേറ്റ കെ.കെ.ഷാജി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ.ഷാജിയുടെ പരാതിയിൽ ഇരിട്ടി പൊലീസ് കേസടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |