ന്യൂഡൽഹി: ഒന്നും രണ്ടും മോദി മന്ത്രിസഭയിലെ പ്രധാന മുഖമായിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് നിർമ്മലാ സീതാരാമൻ മൂന്നാം മന്ത്രിസഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്. തനിക്ക് ബ്രേക്ക് നൽകണമെന്ന് നിർമ്മല അറിയിച്ചെന്നാണ് സൂചന. നിർമ്മലയില്ലെങ്കിൽ ധനകാര്യ വകുപ്പ് പിയൂഷ് ഗോയലിനോ അശ്വിനി വൈഷ്‌ണവിനോ നൽകാൻ സാദ്ധ്യതയുണ്ട്. പ്രമേഹം അടക്കം ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ നിർമ്മല വിശ്രമമെടുക്കാനാണ് സാദ്ധ്യത. പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നിൽക്കണമെന്ന ആവശ്യം നിർമ്മല അറിയിച്ചിട്ടുണ്ട്. ഒന്നാം മോദി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയും രണ്ടാം മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയുമായിരുന്നു. ഒന്നാം മന്ത്രിസഭയിൽ വാണിജ്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയും വഹിച്ചു. 2019ൽ നിർമ്മല പ്രതിരോധ മന്ത്രിയായിരിക്കെയാണ് പുൽവാമ ആക്രമണത്തിന് പ്രതികാരമായി പാക് അതിർത്തിയിലെ ബാലക്കോട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാർലമെന്റിന്റെ ഇരു സഭകളിലും സർക്കാരിന്റെ നിലപാടുകൾ വിശദീകരിച്ചും പ്രതിപക്ഷ ആരോപണങ്ങളെ ശക്തിയുക്തം പ്രതിരോധിച്ചും ശ്രദ്ധേയയായ നിർമ്മലയ്‌ക്ക് പാർട്ടി ചുമതലകൾ ലഭിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |