അഹമ്മദാബാദ്: ലോക‌്സഭാ തിരഞ്ഞെടുപ്പ് എല്ലാവർക്കുമുള്ള ജനങ്ങളുടെ സന്ദേശമാണെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു.
തിരഞ്ഞെടുപ്പ് ഫലം ഒരു സന്ദേശം ഉൾക്കൊള്ളുന്നു. അത് എല്ലാവരും മനസിലാക്കിയെന്ന് വിശ്വസിക്കുന്നു. വോട്ടർമാർ അവർ ആഗ്രഹിച്ച മാറ്റം സമാധാനപരമായി നടപ്പാക്കി. കൊണ്ടുവന്നു. മേൽത്തട്ടു മുതൽ താഴെത്തട്ടു വരെയുള്ളവർക്ക് അത് ഒരു സന്ദേശം നൽകി. ഗുജറാത്തിലെ ആനന്ദിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലേത് മഹത്തായ ജനാധിപത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. ജയപരാജയങ്ങൾ പരിഗണിക്കാതെ പാവപ്പെട്ടവർക്കും അധസ്ഥിതർക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രഥമ പരിഗണന.
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം. അത് വലിയ കാര്യമല്ല. എന്നാൽ മൂല്യങ്ങൾ, താഴേക്കിടയിലുള്ളവർക്കായി നടത്തുന്ന പ്രവർത്തനം, അടിച്ചമർത്തപ്പെടുന്നവർക്ക് നൽകുന്ന പരിഗണന എന്നിവയൊക്കെ പ്രധാനമാണ്. രാഷട്രീയത്തിൽ പണത്തിനായിരിക്കരുത് പ്രാധാന്യം. സ്വഭാവം, കഴിവ്, പെരുമാറ്റം എന്നീ കാര്യങ്ങൾ ഓർക്കുക. എന്നാൽ ഇക്കാലത്ത് ജാതി, പണം എന്നിവയെല്ലാം വിഷയമാകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെങ്ങും ജനപ്രിയനാണ്. മൂന്നാം തവണയും അധികാരത്തിലെത്തുക എന്നത് ചെറിയ കാര്യമല്ലെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |