തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോറിനെ പി.ആർ.ഡി സെക്രട്ടറിയായി നിയമിച്ചു. വ്യവസായ, വാണിജ്യ വകുപ്പിന്റെയും കെ.എസ്.ഐ.ഡി.സി എം.ഡിയുടെയും അധികച്ചുമതലയും അദ്ദേഹം വഹിക്കും.
അവധിയിലുള്ള ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന് പകരം അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസറായ വി.ആർ.പ്രേംകുമാറിനെ ജല അതോറിട്ടി എം.ഡിയാക്കി. അവധിയിലുള്ള ജോയിന്റ് എം.ഡി ഡോ.ദിനേശൻ ചെറുവത്തിന് പകരം ഡെപ്യൂട്ടി സെക്രട്ടറിയും പദ്ധതി നിർവഹണങ്ങളുടെ ചുമതലയുള്ള എം.ഡിയുമായ ബിനു ഫ്രാൻസിസിനെ ജല അതോറിട്ടി ജോയിന്റ് എം.ഡിയാക്കി. ജലനിധി പദ്ധതിയുടെ എക്സിക്യുട്ടീവ് ഡയറക്ടറുടെ അധികച്ചുമതലയും അദ്ദേഹം വഹിക്കും.
മൈനിംഗ് & ജിയോളജി വകുപ്പ് എം.ഡി ഹരിത വി.കുമാറിനെ വനിതാ, ശിശുക്ഷേമ വകുപ്പ് എം.ഡിയാക്കി. പട്ടികജാതി, പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ കെ.ഹരികുമാറാണ് മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടർ. പദ്ധതി നിർവഹണങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയുടെയും ഡയറക്ടറുടെയും അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാവും. സിവിൽ സപ്ളൈസ് ജനറൽ മാനേജർ സൂരജ് ഷാജിയെ നഗരകാര്യ ഡയറക്ടറായി മാറ്റിനിയമിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ അധികച്ചുമതലയും അദ്ദേഹം വഹിക്കും.
സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സീരാം സാംബശിവ റാവുവിനെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാക്കി. സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് ഡിപ്പാർട്ട്മെന്റിന്റെ അധികച്ചുമതലയും അദ്ദേഹം വഹിക്കും. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായ എം.ജി.രാജമാണിക്യത്തെ ദേവസ്വം സെക്രട്ടറിയാക്കി. അമൃത് മിഷൻ ഡയറക്ടറുടെ അധികച്ചുമതലയും വഹിക്കും. അവധിക്കുശേഷം മടങ്ങിയെത്തിയ ടി.വി.അനുപമയെ തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കായിക, യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധികച്ചുമതല നൽകി. ഐ.ടി സെക്രട്ടറി രത്തൻ ഖേൽക്കറിന് സഹകരണ വകുപ്പിന്റേയും ആരോഗ്യ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെയ്ക്ക് സാംസ്‌കാരിക വകുപ്പിന്റേയും അധികച്ചുമതല നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |