ആലുവ: അടുത്ത ബന്ധുക്കളും മറ്റും കേസുകളിൽ കുടുങ്ങിയെന്ന് തെറ്റ്ദ്ധരിപ്പിച്ച് പണം തട്ടുന്ന അന്തർസംസ്ഥാന സംഘങ്ങൾ വ്യാപകമായി. ഡൽഹി, മുംബയ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫോൺ മുഖേന ബന്ധപ്പെട്ടാണ് സംഘം പണം തട്ടാൻ ശ്രമിക്കുന്നത്. ആലുവയിൽ ഇത്തരം രണ്ട് തട്ടിപ്പ് ശ്രമങ്ങളാണ് നടന്നത്. ഇത്തരം നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ആലുവ സൈബർ പൊലീസ് വ്യക്തമാക്കി. ഇന്റർനെറ്റ് കാളിൽ നിന്നും മറ്റും വിളിക്കുന്നതിനാൽ തട്ടിപ്പുകാരെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം ആലുവ എടയപ്പുറം സ്വദേശിക്ക് ഫോൺ വന്നു. ഇദ്ദേഹത്തിന്റെ മകൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ഭാര്യയുടെ ഫോണിലേക്കാണ് 12 അക്കമുള്ള നമ്പറിൽ നിന്നും കാൾ എത്തിയത്. മകൾ ലഹരിക്കേസിൽ ഡൽഹി പൊലീസിന്റെ പിടിയിലാണെന്ന് പറഞ്ഞതോടെ വീട്ടമ്മ ഫോൺ കൂടെയുണ്ടായിരുന്ന ഭർത്താവിന് കൈമാറി. കാര്യം തിരക്കിയപ്പോൾ മകളെ രക്ഷപ്പെടുത്തണമെങ്കിൽ ഉടൻ ബന്ധപ്പെടാൻ പറഞ്ഞു. മകൾ ജോലി ചെയ്യുന്ന സ്ഥലം കാനഡയിലാണെന്ന് പിതാവ് മാറ്റി പറഞ്ഞപ്പോൾ കാനഡ പൊലീസ് അറിയിച്ചത് പ്രകാരമാണ് വിളിക്കുന്നതെന്നായി. ഇതോടെ തട്ടിപ്പാണെന്ന് മനസിലാക്കിയ പിതാവ് ഹിന്ദിയിൽ വഴക്ക് പറഞ്ഞതോടെ പതറിയ തട്ടിപ്പുകാരൻ ഫോൺ കട്ടാക്കി 'രക്ഷപ്പെടുക'യായിരുന്നു. വിളിച്ചയാളുടെ നമ്പറിലെ പ്രൊഫൈൽ ചിത്രത്തിൽ ധരിച്ചിരിക്കുന്നത് പൊലീസ് വേഷമാണ്.
രണ്ടാഴ്ച്ച മുമ്പ് ആലുവ തോട്ടക്കാട്ടുകരയിലെ ഒരു ബിസിനസുകാരനും സമാനമായ അനുഭവം ഉണ്ടായി. മുംബയിൽ നിന്നാണെന്ന് പറഞ്ഞാണ് കാൾ എത്തിയത്. വിദേശത്ത് നിന്ന് താങ്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനധികൃതമായി പണം വന്നിട്ടുണ്ടെന്നും ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജയിലിൽ ആകുമെന്നുമായിരുന്നു ഭീഷണി. തനിക്ക് വ്യക്തിപരമായി തട്ടിപ്പുകാർ സൂചിപ്പിച്ച ബാങ്കിൽ അക്കൗണ്ട് ഇല്ലെന്നും കമ്പനിയുടെ പേരിലുള്ള അക്കൗണ്ട് നിയമപരമായിട്ടുള്ളതാണെന്നും വ്യക്തമാക്കിയെങ്കിലും തട്ടിപ്പുകാരൻ പിൻമാറാൻ തയ്യാറായില്ല. എന്നാൽ കേസ് താൻ നേരിട്ടോളാം എന്ന് പറഞ്ഞപ്പോൾ മറുപുറത്തെയാൾ ഫോൺ കട്ടാക്കി മുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |