സംഭവം കഴക്കൂട്ടം സബ്‌ട്രഷറിയിൽ
തിരുവനന്തപുരം/പോത്തൻകോട്: അക്കൗണ്ടുടമ അറിയാതെ ചെക്ക് ഉപയോഗിച്ച് പെൻഷൻ അക്കൗണ്ടിൽ നിന്ന് 2.5ലക്ഷം തട്ടിയെടുത്തതായി പരാതി. മൃഗസംരക്ഷണ വകുപ്പിൽ ഫീൽഡ് ഓഫീസറായി വിരമിച്ച ശ്രീകാര്യം ചെറുവക്കൽ ശങ്കരനിവാസിൽ എം.മോഹനകുമാരിയുടെ കഴക്കൂട്ടം സബ്ട്രഷറിയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. മോഹനകുമാരിയുടെ കൈവശമുള്ള ചെക്ക് ബുക്കിന് പുറമേ ഇതേ അക്കൗണ്ടിൽ മറ്റൊരു ചെക്ക് ബുക്ക് കൂടി അനുവദിച്ച് അതിലെ രണ്ട് ലീഫുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ട്രഷറി അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ ട്രഷറി ഓഫീസർ നേരിട്ടെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെ മോഹനകുമാരി ഇന്നലെ മടങ്ങി.
പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇന്ന് തുടർനടപടികളിലേക്ക് കടന്നേക്കും. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നാണ് വിവരം. 17വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ച മോഹനകുമാരി വർഷത്തിൽ കൂടുതൽ സമയവും ഓസ്ട്രേലിയയിലുള്ള മകൾക്കൊപ്പമായിരിക്കും. ഇടയ്ക്ക് നാട്ടിലുള്ള മകളുടെ അടുത്തേക്ക് എത്തുമ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത്.
മാർച്ചിൽ നാട്ടിലെത്തിയ ഇവർ ഒരുവർഷത്തിന് ശേഷം തിങ്കളാഴ്ചയാണ് പണം പിൻവലിക്കാൻ സ്റ്റാച്യുവിലെ ജില്ലാ ട്രഷറിയിലെത്തിയത്. പണം പിൻവലിച്ചശേഷം അക്കൗണ്ട് സ്റ്റേറ്റ്മെന്റും വാങ്ങി മടങ്ങി. രാത്രിയിൽ സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് മേയ് 3ന് അക്കൗണ്ടുള്ള കഴക്കൂട്ടം സബ്ട്രഷറിയിൽ നിന്ന് 2ലക്ഷം രൂപയും 4ന് 50,000 രൂപയും പിൻവലിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മകളോടും മരുമകനോടും കാര്യം പറഞ്ഞശേഷം ഇന്നലെ രാവിലെ സബ്ട്രഷറിയിലെത്തി. ട്രഷറി ഓഫീസറുടെ നേതൃത്വത്തിൽ രേഖകൾ പരിശോധിച്ചപ്പോഴാണ് ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ച കാര്യം കണ്ടെത്തിയത്. താൻ ആർക്കും ചെക്ക് നൽകിയിട്ടില്ലെന്ന് മോഹനകുമാരി പറഞ്ഞതോടെ രംഗം മാറി. പരിശോധനയിൽ ഈ അക്കൗണ്ടിൽ അടുത്തിടെ പുതിയ ചെക്ക് ബുക്ക് അനുവദിച്ചതായി വ്യക്തമായി. എന്നാൽ ഇതിനായി ഇവർ അപേക്ഷ നൽകിയിട്ടില്ല. ചെക്ക് ബുക്കിലെ രണ്ടു ലീഫുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. ഇവർ വല്ലപ്പോഴും മാത്രമാണ് പണം പിൻവലിക്കുന്നതെന്ന് മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഉദ്യോഗസ്ഥ വീഴ്ച
പണം പിൻവലിക്കാൻ ഉപയോഗിച്ച ചെക്കിലെ ഒപ്പ് മോഹനകുമാരിയുടേത് അല്ല. ചെക്കിൽ എഴുതിയിരിക്കുന്ന മോഹനകുമാരിയുടെ ഇൻഷ്യലും തെറ്റാണ്. 'എമ്മ്" ന് പകരം 'കെ"എന്നാണ് ചെക്കിലുള്ളത്. ഇതൊന്നും പരിശോധിക്കാതെ ഉദ്യോഗസ്ഥർ എങ്ങനെ ചെക്ക് പാസാക്കിയെന്നുള്ളതിനാണ് ഉത്തരം ലഭിക്കേണ്ടത്.
പണം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പറഞ്ഞ കാര്യങ്ങളെല്ലാം ട്രഷറി അധികൃതർക്ക് ബോദ്ധ്യപ്പെട്ടു. ഉടൻ പരിഹാരം വേണം.
-മോഹനകുമാരി.എം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |