മയാമി : പാരീസ് ഒളിമ്പിക്സിനുള്ള അർജന്റീനിയൻ ടീമിൽ താനുണ്ടാവില്ലെന്ന് ലോകകപ്പ് ജേതാവായ നായകൻ ലയണൽ മെസി. അതേസമയം 2026 ലോകകപ്പിൽ കളിച്ച് വിരമിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഒരു അഭിമുഖത്തിൽ മെസി വ്യക്തമാക്കി. 2008ൽ ഒളിമ്പിക്സ് സ്വർണം നേടിയ അർജന്റീനാ ടീമിൽ മെസി അംഗമായിരുന്നു. എന്നാൽ പാരീസ് ഒളിമ്പിക്സിന് മുമ്പ് കോപ്പ അമേരിക്കയിൽ കളിക്കേണ്ടതുണ്ട്. ഈ പ്രായത്തിൽ എല്ലാ മത്സരങ്ങളിലും കളിക്കാൻ കഴിയില്ലെന്നും ഇക്കാര്യം അർജന്റീന ഒളിമ്പിക് ഫുട്ബാൾ ടീം കോച്ച് ഹാവിയർ മഷറാനോയോട് സംസാരിച്ചതായും 37കാരനായ മെസി പറഞ്ഞു. കോപ്പയിലും ഒളിമ്പിക്സിലും കളിക്കുകയാണെങ്കിൽ തന്റെ ക്ളബായ ഇന്റർ മയാമിയിൽ നിന്ന് അത്രയും സമയം മാറിനിൽക്കേണ്ടിവരുമെന്നും മെസി ചൂണ്ടിക്കാട്ടി. കരിയർ അവസാനിക്കുന്നതുവരെ താൻ ഇന്റർ മയാമിയിൽ തുടരുമെന്ന സൂചനയും മെസി ഇന്റർവ്യൂവിൽ നൽകി. അമേരിക്കയൽ നടക്കുന്ന കോപ്പയ്ക്കായുള്ള തയ്യാറെടുപ്പിലാണ് മെസി ഇപ്പോൾ .താരത്തിന്റെ അവസാന കോപ്പയായിരിക്കും ഇത്തവണത്തേത്. ഗ്രൂപ്പ് എ യിൽ പെറു, ചിലി, കാനഡ എന്നീ ടീമുകൾക്കൊപ്പമാണ് മെസിയും സംഘവുമുള്ളത്. ജൂൺ 21-ന് കാനഡയുമായാണ് അർജന്റീനയുടെ ആദ്യ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |