ന്യൂഡൽഹി : അജിത് ഡോവലിനെ മൂന്നാം വട്ടവും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി (എൻ.എസ്.എ) നിയമിച്ച് മോദി സർക്കാർ. ക്യാബിനറ്റ് റാങ്കാണുള്ളത്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി.കെ. മിശ്രയ്‌ക്കും പുനർനിയമനം നൽകി. ഇദ്ദേഹത്തിനും ക്യാബിനറ്ര് റാങ്കാണ്. ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയുടേതാണ് നടപടി. രാജ്യസുരക്ഷ, സൈനിക കാര്യങ്ങൾ, രഹസ്യാന്വേഷണം എന്നിവയിലാണ് അജിത് ഡോവൽ പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത്. ഭരണകാര്യങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസിലെ നിയമനങ്ങളിലുമാണ് പി.കെ. മിശ്രയ്‌ക്ക് ചുമതല.
1968 ബാച്ച് ഐ.പി.എസ് ഓഫീസറായ ഡോവൽ ഇന്റലിജൻസ് മേധാവിയായി 2005 ജനുവരിയിലാണ് വിരമിച്ചത്. 2014 മേയ് 30ന് ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി ആദ്യനിയമനം. 2014 ജൂണിൽ ഇറാക്കിൽ ഐ.എസ് ഭീകരർ ബന്ദികളാക്കിയ 46 മലയാളി നഴ്സുമാരെ മോചിപ്പിക്കാൻ നിർണായക പങ്കുവഹിച്ചു. 2019ൽ ബലാകോട്ട് പാക് ഭീകരപരിശീലന കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയതിലും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളുണ്ടായിരുന്നു. 2019 ജൂൺ മൂന്നിന് എൻ.എസ്.ആയി രണ്ടാമത് പുനർനിയമനം നൽകിയപ്പോൾ ക്യാബിനറ്റ് റാങ്ക് അനുവദിച്ചിരുന്നു. മോദിയുടെ ഏറ്റവും വിശ്വസ്‌തെന്ന് അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഡോവൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |