ആലപ്പുഴ : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ കനത്ത തോൽവിയിൽ സി.പി.എമ്മിൽ നടപടികളിലേക്ക് നീങ്ങാനുള്ള സാദ്ധ്യത ഉരുത്തിരിയുന്നു. ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞതായാണ് ജില്ലാസെക്രട്ടറി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ലഭിച്ച വോട്ടിന്റെ മണ്ഡലംതല വിലയിരുത്തൽ പുരോഗമിക്കുമ്പോഴാണ് നടപടിയുടെ അനിവാര്യത വ്യക്തമാകുന്നത്. സംസ്ഥാനഘടകത്തിന്റെ അവലോകനത്തെക്കൂടി ആശ്രയിച്ചാകും നടപടികൾ.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് ലഭിച്ചിരുന്ന ക്രൈസ്തവ , മുസ്ലീം വോട്ടുകൾ ഇത്തവണ കോൺഗ്രസിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടതാണ് മുൻതൂക്കം പ്രതീക്ഷിച്ച പല ബൂത്തുകളിലും പാർട്ടിയെ പിന്നോട്ടടിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. തീരമേഖലയിൽ ലത്തീൻ വോട്ടുകൾ കോൺഗ്രസിനും ധീവര വോട്ടുകൾ ബി.ജെ.പിക്കും അനുകൂലമായി. മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിന് ലഭിച്ചു. പരമ്പരാഗതമായ ഈഴവ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയതും തിരിച്ചടിയായി.
വിഭാഗീയതയും സംഘടനാപരമായ ദൗർബല്യങ്ങളും വോട്ടർ പട്ടികയിൽ ആളെ ചേർക്കുന്നതിലും വോട്ടുകൾ പോൾ ചെയ്യിക്കുന്നതിലും വീഴ്ചകൾക്ക് കാരണമായി.
വോട്ട് ചോർന്ന്
3 മണ്ഡലങ്ങൾ
12,000 വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ചേർത്തലയിൽ 842 വോട്ടുകൾക്ക് ആരിഫ് പിന്നിലായി. ആലപ്പുഴ, അമ്പലപ്പുഴ, കായംകുളത്തെ ശക്തികേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പാർട്ടിയുടെ നില ദയനീയമായിരുന്നു. ഇടതുമുന്നണി 2,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ആലപ്പുഴയിൽ 18,418വോട്ടിനാണ് പിന്തള്ളപ്പെട്ടത്. വി.എസ്.അച്യുതാനന്ദന്റെ വീടുൾപ്പെടുന്ന അമ്പലപ്പുഴയിൽ 14,555വോട്ടിനും പിന്നിലായി. കായംകുളം നിയമസഭാ മണ്ഡലത്തിലെ185 ബൂത്തുകളിൽ 34 ബൂത്തുകളിൽ മാത്രം മുന്നേറാനായ സി.പി.എം ബൂത്തടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തായി
മണ്ഡലംതല വിലയിരുത്തലിനും സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂവിനും ശേഷം തിരഞ്ഞെടുപ്പ് തോൽവി ജില്ലാ ഘടകം വിശദമായി ചർച്ച ചെയ്യും..
- ആർ.നാസർ,
ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |