റോം: 10 വർഷ ഉഭയകക്ഷി സുരക്ഷാ കരാറിൽ ഒപ്പുവച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും. ഇന്നലെ ഇറ്റലിയിലെ അപ്പൂലിയ മേഖലയിലെ ഫസാനോ നഗരത്തിൽ ആരംഭിച്ച ജി 7 ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു ഇരുനേതാക്കളുടെയും ചരിത്ര നീക്കം. റഷ്യയുടെ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ യുക്രെയിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനും നാറ്റോ അംഗത്വത്തിലേക്കുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനുമുള്ളതാണ് നീക്കം.
നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് ജയിച്ചാലും യുക്രെയിനുള്ള പിന്തുണ തുടരുന്ന തരത്തിലാണ് കരാർ തയാറാക്കിയിരിക്കുന്നത്.
ഉപരോധത്തിന്റെ ഭാഗമായി പിടിച്ചെടുത്ത റഷ്യൻ ആസ്തികളിൽ നിന്നുള്ള ലാഭവിഹിതം ഉൾപ്പെടെ യുക്രെയിന് 5000 കോടി ഡോളർ വായ്പ നൽകാനും ജി 7 രാജ്യങ്ങൾ തീരുമാനമായി. ' നിങ്ങൾക്ക് തങ്ങളെ വിഭജിക്കാൻ കഴിയില്ലെന്ന് ' റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടുള്ള സന്ദേശമായി ബൈഡൻ പ്രതികരിച്ചു.
യുക്രെയിന്റെ ഏറെ നാളത്തെ ആവശ്യമാണ് നാറ്റോ അംഗത്വം. യുക്രെയിനെ ആക്രമിക്കാൻ റഷ്യയെ പ്രകോപിപ്പിച്ച കാരണങ്ങളിലൊന്നും ഇതുതന്നെ. എന്നാൽ ആണവ കരുത്തുള്ള റഷ്യയുടെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ യുക്രെയിന് അംഗത്വം നൽകുന്നതിനോട് നാറ്റോയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട്.
അതേ സമയം, യു.എസുമായി ഏർപ്പെട്ട പുതിയ കരാർ പ്രകാരം, യുക്രെയിനെതിരെ ആക്രമണമോ ഭീഷണിയോ ഉയർന്നാൽ, യുക്രെയിനിലെയും യു.എസിലും ഉന്നത ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ കൂടിയാലോചനകൾ നടത്തും. പ്രതികരണം തീരുമാനിക്കുകയും യുക്രെയിന് വേണ്ട അധിക പ്രതിരോധ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് നിർണയിക്കുകയും ചെയ്യും.
എന്നാൽ യു.എസ് സൈന്യത്തെ യുക്രെയിനിൽ വിന്യസിക്കില്ല. യുക്രെയിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന് യു.എസ് പൂർണ പിന്തുണ നൽകുന്നു. യുക്രെയിന്റെ ഏറെ നാളെത്തെ ആവശ്യമായ എഫ് 16 യുദ്ധവിമാനങ്ങൾ നൽകാനും യു.എസ് തീരുമാനിച്ചു.
യുക്രെയിന്റെ തദ്ദേശിയ പ്രതിരോധ വ്യവസായം വികസിപ്പിക്കാനും സൈന്യത്തെ വിപുലീകരിക്കാനും സഹായങ്ങൾ നൽകാനും യു.എസിന് നീക്കമുണ്ട്. രഹസ്യ വിവരങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. സംയുക്ത സൈനിക പരിശീലനങ്ങളും പഠന പദ്ധതികളും സൈനികാഭ്യാസങ്ങളും നടത്തും.
കരാർ വിജയിക്കുമോ ?
അതേ സമയം, പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ സർവേ ഫലങ്ങളിൽ ബൈഡനേക്കാൾ മുന്നിൽ ട്രംപാണ്. അതുകൊണ്ട് തന്നെ കരാറിന്റെ ഭാവി വിജയിക്കുമോ എന്ന് വ്യക്തമല്ല. ഒറ്റ ദിവസം കൊണ്ട് യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുമെന്നാണ് ഒരവസരത്തിൽ ട്രംപ് പ്രതികരിച്ചത്.
യുക്രെയിന് യു.എസ് അകമഴിഞ്ഞ് സൈനിക, സാമ്പത്തിക സഹായം നൽകുന്നതിനോട് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും അതൃപ്തിയുണ്ട്. യുക്രെയിനെ സഹായിക്കുന്നതിന്റെ കൂടുതൽ ഭാരം യൂറോപ്പ് ഏറ്റെടുക്കാൻ തയാറാകണമെന്നാണ് ട്രംപിന്റെ നിലപാട്. അതേ സമയം, തങ്ങൾ നൽകുന്ന ആയുധങ്ങൾ റഷ്യൻ മണ്ണിൽ പ്രയോഗിക്കരുതെന്നായിരുന്നു യു.എസ് ആദ്യം യുക്രെയിന് നൽകിയ നിർദ്ദേശം.
എന്നാൽ, കിഴക്കൻ അതിർത്തി പ്രദേശത്ത് മാത്രം നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി അടുത്തിടെ നൽകിയിരുന്നു. കിഴക്കൻ യുക്രെയിനിലെ ഖാർക്കീവിൽ അടക്കം റഷ്യൻ മുന്നേറ്റം ശക്തമായ സാഹചര്യത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |